ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്ന പുതിയ കരാർ പ്രാബല്യത്തിൽ. 'Reciprocal Exchange of Logistics Agreement (RELOS)' എന്ന കരാറിന്റെ അടിസ്ഥാനത്തിൽ, ഇരു രാജ്യങ്ങൾക്കും പരസ്പരം 3,000 സൈനികരെയും, അഞ്ച് യുദ്ധകപ്പലുകളും പത്ത് വിമാനങ്ങളും ഒരേസമയം വിന്യസിക്കാനാകും.
2025 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലും മോസ്‌കോയിലും ഒപ്പുവെച്ച ഈ കരാർ ഈ വർഷം ജനുവരി 12 മുതൽ പ്രാബല്യത്തിൽ വന്നതായും, പിന്നീട് റഷ്യൻ പാർലമെന്റ് ഇത് അംഗീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുടക്കത്തിൽ അഞ്ച് വർഷത്തേക്കുള്ള ഈ കരാർ, ഇരു രാജ്യങ്ങളും സമ്മതിച്ചാൽ വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
കരാറിന്റെ ഭാഗമായി സംയുക്ത സൈനിക പരിശീലനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മാനവീയ ദൗത്യങ്ങൾ എന്നിവക്കും സൗകര്യം ഒരുക്കും. കൂടാതെ, യുദ്ധകപ്പലുകൾക്ക് തുറമുഖ സേവനങ്ങൾ, അറ്റകുറ്റപ്പണികൾ, ഇന്ധനം, ഭക്ഷണം എന്നിവയും, വിമാനങ്ങൾക്ക് എയർ ട്രാഫിക് നിയന്ത്രണം, നാവിഗേഷൻ സംവിധാനങ്ങൾ, പാർക്കിംഗ്, സുരക്ഷ തുടങ്ങിയ സൗകര്യങ്ങളും പരസ്പരം ലഭ്യമാക്കും.
ഈ കരാർ ഇന്ത്യയ്ക്ക് റഷ്യൻ നാവികവായുസേനാ താവളങ്ങളിൽ, പ്രത്യേകിച്ച് ആർട്ടിക് മേഖലയിൽ, പ്രവേശനം ഉറപ്പാക്കും. അതുപോലെ, റഷ്യയ്ക്കും ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കും.
പശ്ചിമേഷ്യയിലും യുക്രെയ്ൻ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ ഈ കരാർ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ–റഷ്യ സൈനിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, ഇൻഡോപസഫിക്, ആർട്ടിക് മേഖലകളിലെ സഹകരണവും ഇതിലൂടെ ശക്തിപ്പെടും.
ഇന്ത്യ-റഷ്യ സൈനിക സഹകരണം ശക്തം; പരസ്പരം 3,000 സൈനികരും യുദ്ധകപ്പലുകളും വിന്യസിക്കാൻ കരാർ
