ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകള്‍ ഇന്ത്യ ആദ്യമായി വെളിപ്പെടുത്തി

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകള്‍ ഇന്ത്യ ആദ്യമായി വെളിപ്പെടുത്തി


ന്യൂഡല്‍ഹി: 2025 മെയ് മാസത്തില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിക്കിടെ വീരമൃത്യുവരിച്ച ആറ് ഇന്ത്യന്‍ സായുധ സേനാംഗങ്ങളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈ സൈനികരുടെ പേരുകള്‍ ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ 2025 റോള്‍ ഓഫ് ഓണറില്‍  ഉള്‍പ്പെടുത്തുകയും സ്മാരകഭിത്തിയില്‍ ആലേഖനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹെഡ്ക്വാര്‍ട്ടേഴ്സ് 10 ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, 4 ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ റൈഫിള്‍മാന്‍ സുനില്‍ കുമാര്‍ (വീര്‍ ചക്ര), 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേശ് കുമാര്‍, 851 ലൈറ്റ് റെജിമെന്റിലെ ഏവിയേഷന്‍ ടെക്‌നീഷ്യന്‍ മൂഡ് മുരളിനായിക്, 237 ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് കമ്പനിയിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, 39 വിങ്ങിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ (വായു മെഡല്‍) എന്നിവരാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ ജീവത്യാഗം ചെയ്തവര്‍.

ഇന്ത്യന്‍ സൈന്യം 2025 മെയ് 7, 8 തിയ്യതികളിലെ അര്‍ധരാത്രിയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍, പരിശീലന ക്യാമ്പുകള്‍, ലോഞ്ച് പാഡുകള്‍ എന്നിവ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങളാണ് നടത്തിയത്.

രാത്രി 1.28-ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടായ എ ഡി ജി പി ഐ 'പ്രഹാരായ സന്നിഹിതാഃ, ജയ പ്രക്ഷിതായാഃ' (ആക്രമണത്തിന് സജ്ജം, വിജയത്തിനായി പരിശീലനം നേടിയവര്‍) എന്ന സന്ദേശം പങ്കുവെച്ചു. തുടര്‍ന്ന് 1.28 മുതല്‍ 1.51 വരെ പാക് അധീന കശ്മീരിലെ മുസാഫറാബാദിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ശക്തമായ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാത്രി 1.51-ന് സൈന്യം വീണ്ടും എക്‌സില്‍ പഹല്‍ഗാം ടെറര്‍ അറ്റാക്ക് ജസ്റ്റിസ് ഈസ് സെര്‍വ്ഡ്, ജയ്ഹിന്ദ് എന്ന സന്ദേശവും പ്രസിദ്ധീകരിച്ചു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആക്രമണം 'കേന്ദ്രീകൃതവും നിയന്ത്രിതവും സംഘര്‍ഷം വ്യാപിപ്പിക്കാത്തതുമായ സൈനിക നടപടി' ആയിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ സൈനിക നടപടിയില്‍ ജെയ്ഷെ-ഇ-മുഹമ്മദ്,  ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകളിലെ അഞ്ച് പ്രധാന ഭീകരര്‍ ഉള്‍പ്പെടെ നൂറിലധികം ഭീകരരെ വധിച്ചതായി ഇന്ത്യ അവകാശപ്പെട്ടിട്ടുണ്ട്.