ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 13 ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു. ഇന്ത്യൻ പൗരന്മാരുടെയും നാവികരുടെയും രാജ്യത്തിന്റെ വ്യാപാര താൽപര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബഹുമന്ത്രാലയ ഏകോപന നീക്കത്തിന്റെ ഭാഗമായാണ് നടപടി.
കേന്ദ്ര തുറമുഖ, കപ്പൽഗതാഗത മന്ത്രാലയത്തിലെ ഡയറക്ടർ ഒപേഷ് കുമാർ ശർമയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരു എൽപിജി ടാങ്കർ, അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ, ഒരു കെമിക്കൽ/പ്രൊഡക്ട് ടാങ്കർ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ, രണ്ട് ബൾക്ക് കാരിയറുകൾ, ഒരു ഡ്രെഡ്ജർ എന്നിവ ഉൾപ്പെടെ 13 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ ഉള്ളത്. ഇവയെ സുരക്ഷിതമായി പുറത്തുകൊണ്ടുവരികയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഏകദേശം 2.7 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കയറ്റി വിശാഖപട്ടണത്തേക്ക് പുറപ്പെട്ട മാർഷൽ ദ്വീപുകളുടെ പതാകയുള്ള 'നിസോസ് കെറോസ്' ടാങ്കർ മേയ് 25, 26 തീയതികളിൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി അധികൃതർ അറിയിച്ചു. ജൂൺ 3ന് കപ്പൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തുള്ള ഇന്ത്യൻ നാവികരെല്ലാം സുരക്ഷിതരാണെന്നും ഇതുവരെ ശത്രുതാപരമായ ആക്രമണങ്ങളോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ കൺട്രോൾ റൂമിന് ഇതുവരെ 10,800ലധികം ഫോൺകോളുകളും 24,000 ഇമെയിലുകളും ലഭിച്ചു. ഗൾഫ് മേഖലയിൽ നിന്ന് 3,422 ഇന്ത്യൻ നാവികരെ ഇതിനകം സുരക്ഷിതമായി നാട്ടിലെത്തിച്ചതായും കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 47 പേരെ തിരിച്ചെത്തിച്ചതായും സർക്കാർ അറിയിച്ചു.
അതേസമയം, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനിലുള്ളവർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രാജ്യം വിടണമെന്നും നിർദേശിച്ചിട്ടുണ്ട്. തെഹ്രാനിലെ ഇന്ത്യൻ എംബസി ഇതിനകം 2,557 ഇന്ത്യൻ പൗരന്മാരെ കരമാർഗം സുരക്ഷിതമായി ഇറാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാൻ സഹായിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിന്റെ വ്യോമപാത വീണ്ടും തുറന്നതോടെ പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ സംഘർഷാവസ്ഥ തുടരുന്നുണ്ടെങ്കിലും യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്രൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ വ്യോമപാതകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ തുടരുകയും ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്രയ്ക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ട്. ഇറാഖിൽ പരിമിതമായ വിമാന സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഖത്തറിന്റെയും ഇറാന്റെയും വ്യോമപാതകൾ ഭാഗികമായി തുറന്ന നിലയിലാണെന്നും അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ; 13 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെടുക്കാൻ പ്രത്യേക ദൗത്യം
