'ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്': ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷ ഉറപ്പെന്ന് ഇറാൻ

'ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്': ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷ ഉറപ്പെന്ന് ഇറാൻ


ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാൻ അറിയിച്ചു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
 'ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യങ്ങളും ബന്ധങ്ങളും ഉണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ഇറാൻ ഉറപ്പുനൽകും,' എന്നായിരുന്നു 
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞത്.

നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരുമായി സഹകരിക്കാൻ ഡൽഹിയിലെ ഇറാൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സഹായങ്ങൾ നൽകാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ സംഘർഷം ശക്തം

ഇറാൻ , ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രണ്ടാമെത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സ്ഥിതി വഷളായത്. ആക്രമണത്തിൽ ഇറാന്റെ മുൻ സുപ്രീം ലീഡറായ അലി ഖാമനെയി ഉൾപ്പെടെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇതിന് പ്രതികാരമായി ഇറാൻ വിവിധ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ സംഘർഷം ശക്തമായി. ചില ഗൾഫ് നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകൾ വന്നു.

ഹോർമുസ് കടലിടുക്ക് എന്തുകൊണ്ട് പ്രധാനം ?

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക് . പ്രധാനമായും ഈ പാതയിലൂടെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണയും പ്രകൃതി വാതകവും കടന്നു പോകുന്നത്.

ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയും വലിയ തോതിലുള്ള എൽ.എൻ.ജി വ്യാപാരവും ഈ കടലിടുക്കിലൂടെ നടക്കുന്നുവെന്നാണ് കണക്കുകൾ. ദിവസേന ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ ഇവിടെകൂടി കടന്നുപോകുന്നു.

ഇന്ത്യയിൽ എൽ.പി.ജി ക്ഷാമം

ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ ഇന്ത്യയിൽ എൽ.പി.ജി വിതരണത്തെ ബാധിച്ചു. രാജ്യത്ത് മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ഗ്യാസ് ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായ എൽ.പി.ജിയുടെ 85-90 ശതമാനം വരെ പശ്ചിമേഷ്യയിൽ നിന്നാണ് എത്തുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം പരിഗണിച്ച് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ആശങ്കകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.