ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇറാന്‍ ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് അറിയിച്ചു. ഇന്ത്യയിലെ ഇറാനിയന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ അനുമതി നല്‍കുമോ എന്ന ചോദ്യത്തിന് ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങള്‍കകും പൊതുവായ താത്പര്യങ്ങളും പൊതുവായ വിധിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- ഇറാന്‍ സൗഹൃദ ബന്ധം പരിഗണിച്ചാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇറാന്‍ എംബസിക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് നടപടികള്‍ സുഗമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍, ഇസ്രയേല്‍, യു എസ് എന്നിവ തമ്മിലുള്ള സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടികള്‍ ആരംഭിച്ചത്.
ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവായ അലി ഖംനേയി ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് വഴി സഞ്ചരിച്ച ചില കപ്പലുകളെയും ആക്രമിച്ചിരുന്നു. ഇന്ത്യയുടെ എല്‍ പി ജി ഇറക്കുമതിയിലെ 85- 90 ശതമാനവും സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഈ കടല്‍പ്പാതയിലൂടെയാണ് എത്തുന്നത്.
