കോവിഡാനന്തരം അമേരിക്ക, ചൈന, റഷ്യ എന്നിവയെ ഇന്ത്യ മറികടന്നെന്ന് ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ധന്റെ റിപ്പോര്‍ട്ട്

കോവിഡാനന്തരം അമേരിക്ക, ചൈന, റഷ്യ എന്നിവയെ ഇന്ത്യ മറികടന്നെന്ന് ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ധന്റെ റിപ്പോര്‍ട്ട്


കാംബ്രിഡ്ജ്: കോവിഡ് കാലത്ത് മങ്ങിയ ആഗോളവിപണികളില്‍ ഏറ്റവും വേഗത്തില്‍ വീണ്ടെടുത്തതും സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിച്ചതുമായ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സാമ്പത്തിക ശക്തി വീണ്ടും തെളിഞ്ഞെന്ന ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ധന്‍ ജേസണ്‍ ഫര്‍മന്‍. അദ്ദേഹം  പുറത്തിറക്കിയ ചാര്‍ട്ടുകളും ഡേറ്റയും ഇക്കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. മഹാമാരിക്ക് ശേഷവും 'ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തിക ശക്തി' എന്ന പദവി ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പുരോഗമിച്ച സമ്പദ്വ്യവസ്ഥകളും ചൈന, റഷ്യ പോലുള്ള സാമ്പത്തിക ഭീമന്മാരും പിന്നിലായി.

ഫര്‍മന്‍ പ്രസിദ്ധീകരിച്ച ചാര്‍ട്ടുകള്‍ പ്രകാരം മഹാമാരിയുടെ ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ ഇപ്പോഴും പോരാടുന്ന വലിയ സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ ശക്തമായ വീണ്ടെടുപ്പ് നടത്തിയതും വളര്‍ച്ചയുടെ താളം തുടര്‍ച്ചയായി നിലനിര്‍ത്തുന്നതുമാണ് ശ്രദ്ധേയമായത്.

എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഫര്‍മന്റെ ഗ്രാഫ് അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഇന്ത്യ എന്നിവയുടെ ട്രെന്‍ഡ് യഥാര്‍ഥ ജിഡിപി വളര്‍ച്ച താരതമ്യം ചെയ്യുന്നതാണ്. ഡേറ്റ പ്രകാരം, ഇന്ത്യയുടെ വളര്‍ച്ച നിരന്തരം ഉയര്‍ന്നുവരികയാണ് 2025 മധ്യത്തോടെ 5 ശതമാനം കൂടുതല്‍ ജിഡിപി വളര്‍ച്ചയെന്ന കണക്ക് തുടരുന്ന ഏക പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.

കോവിഡാനന്തരമുള്ള പുനര്‍വളര്‍ച്ച 2020ലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ആരംഭിച്ച ഇന്ത്യ 2022ഓടെ മഹാമാരിക്ക് മുന്‍പത്തെ വളര്‍ച്ചയുടെ ട്രെന്‍ഡ് ലൈന്‍ പിന്നിട്ടു. 2024-ല്‍ 3 ശതമാനത്തില്‍ കൂടുതല്‍  വളര്‍ച്ച കൈവരിച്ച ഇന്ത്യ 2025 മൂന്നാം പാദത്തോടെ 5 ശതമാനത്തില്‍ കൂടുതല്‍ എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്.

ഇന്ത്യയുടെ വളര്‍ച്ച ഒരുതവണ മാത്രം നേടിയ നേട്ടമല്ലെന്ന് ഫര്‍മന്‍ വിലയിരുത്തുന്നു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, നിക്ഷേപ പരിഷ്‌കാരങ്ങള്‍, സ്ഥിരതയാര്‍ന്ന മാക്രോ- സാമ്പത്തിക സാഹചര്യം എന്നിവയാണ് ആഭ്യന്തര ഉപഭോഗവും നിക്ഷേപവും ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. അതുവഴിയാണ് ആഗോള സാമ്പത്തിക സാഹചര്യത്തിലും ഇന്ത്യയെ കരുത്തുറ്റതാക്കി നിര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോവിഡാനന്തര കാലത്ത് അമേരിക്ക ഏകദേശം 2 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ചൈന 'സീറോ കോവിഡ്' നയം, റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി എന്നിവയുടെ പ്രതിഫലനം നേരിടുന്നുണ്ട്. 2025-ലെ ചൈനയുടെ വളര്‍ച്ച 4.8 ശതമാനമായി നിഗമനമുണ്ട്. ഇതിന് മുകളില്‍ ഇന്ത്യ അതിവേഗ വളര്‍ച്ചയോടെ ഇരുരാജ്യങ്ങളെയും മറികടന്നു.

ആഗോള റേറ്റിംഗ് ഏജന്‍സികളുടെയും ഇന്ത്യയുടെ വളര്‍ച്ചാ പുരോഗതിയിലുള്ള ആത്മവിശ്വാസം തുടരുന്നു. ഐ സി ആര്‍ എ 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച 7 ശതമാനം തൊടുമെന്നാണ് കണക്ക്. ഒന്നാം പാദത്തില്‍ ഇത് 7.8 ശതമാനം ആയിരുന്നു.

ജി വി എ 7.1 ശതമാനം വളര്‍ച്ച പ്രവചിക്കുമ്പോള്‍  മൂഡീസ് 2025-ല്‍ 7 ശതമാനമായും 2026-ല്‍ 6.4 ശതമാനം ജി ഡി പി വളര്‍ച്ചയുമാണ് ഇന്ത്യയ്ക്കായി നിര്‍ദ്ദേശിക്കുന്നത്.