ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപറേഷൻ സിന്ദൂർ' ദൗത്യത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സായുധ സേന പുറത്തുവിട്ടു. ദൗത്യം ആരംഭിച്ച് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് വീഡിയോ പങ്കുവച്ചത്. 2025 മേയ് 7ന് പുലർച്ചെ 1.05നാണ് ഇന്ത്യ ആദ്യ ആക്രമണം നടത്തിയത്.
വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യ ഒന്നും മറക്കില്ല, ഇന്ത്യ ഒന്നും ക്ഷമിക്കില്ല' എന്ന മോഡിയുടെ വാക്കുകളാണ് പ്രധാനമായി ഉയർത്തിക്കാട്ടിയത്. എല്ലാ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് മോഡി വ്യക്തമാക്കിയിരുന്നു.
2025 മേയ് 7-8 തീയതികളിലെ രാത്രിയിലായിരുന്നു ഓപറേഷൻ സിന്ദൂർ. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയത്. ഭീകര ക്യാംപുകളും ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകളും ലക്ഷ്യമിട്ടായിരുന്നു സൈനിക നീക്കം.
പുലർച്ചെ 1.28ന് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഹാൻഡിലായ എഡിജിപിഐ 'ആക്രമണത്തിന് സജ്ജം, വിജയത്തിനായി പരിശീലനം നേടിയവർ' എന്നർഥമുള്ള സന്ദേശം പങ്കുവച്ചു. തുടർന്ന് മുജഫറാബാദ്, ബഹാവൽപൂർ എന്നിവിടങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 1.51ന് 'പഹൽഗാം ഭീകരാക്രമണത്തിന് നീതി നടപ്പാക്കി' എന്ന സന്ദേശവും സൈന്യം പുറത്തുവിട്ടു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കളും പിന്നീട് പ്രതികരണവുമായി രംഗത്തെത്തി. ആക്രമണത്തെ 'കൃത്യവും നിയന്ത്രിതവും പ്രകോപനം വർധിപ്പിക്കാത്തതുമായ നടപടി' എന്നാണ് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരെ ഭീകരർ തിരഞ്ഞെടുത്ത് കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായാണ് ഓപറേഷൻ സിന്ദൂർ നടന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദ് , ലഷ്‌കർ-ഇ-ത്വയ്ബ എന്നീ സംഘടനകളിലെ അഞ്ച് പ്രധാന ഭീകരരടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെട്ടു.
മേയ് 12ന് രാജ്യത്തെ അഭിസംബോധന ചെയ്ത മോഡി, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പുതിയ നയത്തിന്റെ ഭാഗമാണ് ഓപറേഷൻ സിന്ദൂർ എന്ന് വ്യക്തമാക്കിയിരുന്നു. ആണവ ഭീഷണിയെ ഇന്ത്യ ഇനി ഭയപ്പെടില്ലെന്നും ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ സ്വന്തം നിബന്ധനകളിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ പിന്തുണയ്ക്കുന്ന സർക്കാരുകളെയും ഭീകരസംഘടനകളെയും വേർതിരിച്ച് കാണില്ലെന്നും മോഡി മുന്നറിയിപ്പ് നൽകി. ഓപറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, താൽക്കാലികമായി നിർത്തിവച്ചതേയുള്ളുവെന്നും പാക്കിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി ഇനി നടക്കുന്ന ചർച്ചകൾ പാക് അധീന കശ്മീരും ഭീകരവാദവും സംബന്ധിച്ചായിരിക്കുമെന്നും അതിന് പുറത്തുള്ള വിഷയങ്ങൾ പരിഗണിക്കില്ലെന്നും മോഡി ആവർത്തിച്ചു.
'ഇന്ത്യ ഒന്നും മറക്കില്ല, ക്ഷമിക്കില്ല'; ഓപറേഷൻ സിന്ദൂരിന്റെ വാർഷികത്തിൽ പാക്കിസ്ഥാന് കടുത്ത സന്ദേശവുമായി മോഡി
