ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരകരാർ പ്രാബല്യത്തിൽ വന്നതോടെ അഞ്ചു വർഷത്തേക്ക് പരസ്പരം 'പ്രിയരാജ്യ' പദവി നൽകാൻ ധാരണയായതായി കരട് കരാർ വ്യക്തമാക്കുന്നു. കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം അഞ്ച് വർഷം മറ്റേതെങ്കിലും വ്യാപാര പങ്കാളികൾക്ക് കൂടുതൽ ഇളവുകൾ നൽകാനാവില്ലെന്നാണ് വ്യവസ്ഥ.
ജനുവരി 27ന് സ്വതന്ത്ര വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകൾ സമാപിച്ചതായി ഇരുപക്ഷവും പ്രഖ്യാപിച്ചിരുന്നു. 'എല്ലാ കരാറുകളുടെയും മാതാവ്' എന്ന വിശേഷണത്തോടെ വിശേഷിപ്പിക്കപ്പെട്ട ഈ കരാറിലൂടെ ഇന്ത്യയുടെ കയറ്റുമതിയിലെ 93 ശതമാനം സാധനങ്ങൾക്കും 27 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ കൂട്ടായ്മയിൽ നികുതി ഇളവ് ലഭിക്കും. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആഡംബര കാറുകളും വൈനുകളും ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.
ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ അനുവദിക്കുന്ന പരിധിക്കു പുറത്ത് പുതിയ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നു ഇരുവിഭാഗവും ധാരണയായി. ഭക്ഷ്യസുരക്ഷയും സസ്യാരോഗ്യവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലോക വ്യാപാര സംഘടനാ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കും. സർട്ടിഫിക്കേഷൻ, പരിശോധന നടപടികളും ലളിതമാക്കും.
വിവാദങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പരസ്പരം അംഗീകരിച്ച മധ്യസ്ഥന്റെ സഹായത്തോടെ വേഗപരിഹാര സംവിധാനം ഒരുക്കുന്ന അനുബന്ധ വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നതിന് കൂടുതൽ സഹകരണം ഉറപ്പാക്കും. കരാർ അംഗീകൃതമായതിന് ശേഷം ഇവ നിയമപരമായി ബാധകമാകും.
കരാർ പ്രാബല്യത്തിൽ വന്നതിന് ഒരു വർഷത്തിന് ശേഷം വാർഷിക ഇറക്കുമതി വിവരങ്ങൾ പരസ്പരം പങ്കുവെക്കാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്. നികുതി ഇളവുകളുടെ ഉപയോഗവും കരാറിന്റെ നടപ്പാക്കലും വിലയിരുത്തുന്നതിനാണ് ഇത്.
ഇറക്കുമതി, കയറ്റുമതി, ട്രാൻസിറ്റ് ചരക്കുകൾ സംബന്ധിച്ച കസ്റ്റംസ് തീരുമാനങ്ങളിൽ ന്യായമായ അപ്പീൽ സംവിധാനം ഉറപ്പാക്കാനും ധാരണയായി. ഡിജിറ്റൽ വ്യാപാര രംഗത്ത് അനാവശ്യ തടസ്സങ്ങൾ കുറയ്ക്കുകയും സുരക്ഷിതവും തുറന്നതുമായ ഓൺലൈൻ വ്യാപാരാന്തരീക്ഷം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കരട് വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളുടെയും ചരക്ക് വ്യാപാരം ഏകദേശം 135 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ: അഞ്ചുവർഷം പരസ്പരം 'പ്രിയരാജ്യ' പദവി
