ന്യൂഡല്‍ഹി: വില ഉയര്‍ന്നതും ചൈനയില്‍നിന്നുള്ള മത്സരവും പശ്ചിമേഷ്യയില്‍നിന്ന് എണ്ണ ലഭ്യത വര്‍ധിച്ചതും കണക്കിലെടുത്ത് നവംബറിലെത്തേണ്ട റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യയിലെ എണ്ണശുദ്ധീകരണ കമ്പനികള്‍ കുറച്ചു. നേരത്തേ വന്‍ വിലക്കിഴിവില്‍ ലഭിച്ചിരുന്ന റഷ്യന്‍ എണ്ണയ്ക്ക് ഇപ്പോള്‍ വില കൂടിയതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണയിലേക്ക് കമ്പനികള്‍ വീണ്ടും തിരിയുകയാണ്.
റഷ്യയുടെ പ്രധാന ക്രൂഡ് ഇനമായ യുറല്‍സ് എണ്ണയ്ക്ക് ഡേറ്റഡ് ബ്രെന്റിനേക്കാള്‍ ബാരലിന് 10 ഡോളറിലധികം അധികവിലയാണ് ഈടാക്കുന്നതെന്ന് മേഖലയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ എണ്ണയുമായി വിലയിലെ വ്യത്യാസം കുറഞ്ഞു. കപ്പല്‍ഗതാഗതച്ചെലവ് കുറവെന്നതും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എണ്ണയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
അമേരിക്കയുടെ സമ്മര്‍ദവും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ അധിക തീരുവാ ഭീഷണിയും ഇറക്കുമതി കുറയ്ക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദത്തേക്കാള്‍ സാമ്പത്തിക ഘടകങ്ങളാണ് പ്രധാനമായതെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
കെപ്ലര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ റഷ്യയുടെ പങ്ക് ജൂലൈയിലെ 56 ശതമാനത്തില്‍നിന്ന് സെപ്റ്റംബറില്‍ ഏകദേശം 35 ശതമാനമായി കുറഞ്ഞു. ഒക്ടോബര്‍ നാലിന് അവസാനിച്ച നാലാഴ്ചക്കാലത്ത് റഷ്യയില്‍നിന്നുള്ള കപ്പല്‍വഴിയുള്ള വിതരണം പ്രതിദിനം ശരാശരി 3.10 ലക്ഷം ബാരലായി. 2022 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേസമയം, ചൈന റഷ്യന്‍ എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചതോടെ ഇന്ത്യയ്ക്ക് ലഭ്യമായിരുന്ന എണ്ണയ്ക്കായി മത്സരം ശക്തമായി. ഇറാനിയന്‍ എണ്ണ ലഭ്യത ചൈനയ്ക്ക് കുറഞ്ഞതും റഷ്യന്‍ എണ്ണയിലേക്കുള്ള ചൈനയുടെ താല്‍പര്യം വര്‍ധിപ്പിച്ചതായി കെപ്ലറിലെ സുമിത് റിറ്റോളിയ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണനീക്കം യുദ്ധത്തിന് മുമ്പുള്ള നിലയുടെ ഏകദേശം 80 ശതമാനമായി വീണ്ടെടുത്തതായി ഷെല്‍ മേധാവി വെയ്ല്‍ സാവന്‍ പറഞ്ഞു. പശ്ചിമേഷ്യയ്ക്കും അമേരിക്കന്‍ രാജ്യങ്ങള്‍ക്കും പുറമേയുള്ള വിതരണസ്രോതസ്സുകളിലേക്കും ഇന്ത്യ ശ്രദ്ധ തിരിക്കുന്നതോടെ ഏഷ്യന്‍ വിപണിയില്‍ ഗള്‍ഫ് എണ്ണയ്ക്കായുള്ള മത്സരം ശക്തമാകാന്‍ സാധ്യതയുണ്ട്.
വില കുതിച്ചുയര്‍ന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യ
