കൊളംബോ: ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം. 176 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ നിര തകര്‍ന്നടിയുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവര്‍ തന്നെ മെയ്ഡനായി. ആ ഓവറില്‍ സാഹിബ്സാദാ ഫര്‍ഹാന്‍ (0) പുറത്താവുകയും ചെയ്തു. ജസ്പ്രീത് ബുംറ എറിഞ്ഞ അടുത്ത ഓവറില്‍ സയിം അയൂബ് (6), സല്‍മാന്‍ ആഗ (4) എന്നിവരും പുറത്തായി.
അഞ്ചാം ഓവര്‍ എറിയാനെത്തിയ അക്ഷര്‍ പട്ടേല്‍ ബാബര്‍ അസമിനെ (5) ക്ലീന്‍ ബൗള്‍ ചെയ്തു. ഇതിനിടെ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ (34 പന്തില്‍ 44) രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും, അക്ഷറിന്റെ തന്നെ പന്തില്‍ ഇഷാന്‍ കിഷന്‍ സ്റ്റമ്പ് ചെയ്തു. ഇതോടെ പാക് സാധ്യതകള്‍ ഏറെക്കുറി അസ്തമിച്ചു.
പിന്നാലെ മുഹമ്മദ് നവാസിനെ (4) കുല്‍ദീപ് യാദവ് ശിവം ദുബെയുടെ കൈകളിലെത്തിച്ചു. ഇതിനു പിന്നാലെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത് തിലക് വര്‍മയെ. ആദ്യ പന്തില്‍ തന്നെ ഷാദാബ് ഖാനെ (14) ദുബെയുടെ കൈകളിലെത്തിക്കാനും തിലകിനു സാധിച്ചു.
ഫഹീം അഷ്‌റഫും (10) അബ്രാര്‍ അഹമ്മദും (0) വരുണ്‍ ചക്രവര്‍ത്തിക്ക് ഇരകളായി. ഉസ്മാന്‍ താരിഖിനെ പാണ്ഡ്യ ക്ലീന്‍ ബൗള്‍ ചെയ്തപ്പോള്‍, ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റിങ്കു സിങ് വരെ പന്തെറിയാനെത്തിയത് പാക്കിസ്ഥാന്‍ ഇന്ത്യക്കു മുന്നില്‍ ദുര്‍ബലമാണെന്നതിന് ഉദാഹരണമായി.
ടോസ് ചെയ്തപ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തിയിരുന്നില്ല. ഇഷാന്‍ കിഷനൊപ്പം അഭിഷേക് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. അര്‍ഷ്ദീപ് സിങ്ങിനു പകരം കുല്‍ദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.
ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായി. എന്നാല്‍, മറുവശത്ത് നിര്‍ഭയമായി ബാറ്റ് വീശിയ ഇഷാന്‍ കിഷന്‍, തിലക് വര്‍മയെ സാക്ഷി നിര്‍ത്തി അടിച്ചു തകര്‍ത്തു. 40 പന്തില്‍ 77 റണ്‍സെടുത്ത കിഷനെ പാര്‍ട്ട് ടൈം സ്പിന്നര്‍ സയിം അയൂബ് ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. പത്ത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.
77 റണ്‍സില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 88 റണ്‍സ് മാത്രം. സ്‌കോര്‍ ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടിയ തിലക് വര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് എത്തിയിട്ടും വേഗതയുണ്ടായില്ല. 24 പന്തില്‍ 25 റണ്‍സെടുത്ത തിലക് പുറത്തായതിനു പിന്നാലെ അടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും (0) മടങ്ങിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിര പതറിത്തുടങ്ങിയിരുന്നു.
29 പന്തില്‍ 32 റണ്‍സ് മാത്രം നേടിയാണ് സൂര്യ പുറത്തായത്. ശിവം ദുബെ പ്രകടിപ്പിച്ച മികവാണ് പൊരുതാവുന്ന സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചത്. 17 പന്തില്‍ 27 റണ്‍സെടുത്ത ദുബെ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
