ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ ചൈന സഹായിച്ചതിനെതിരെ വിമര്‍ശനവുമായി ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ ചൈന സഹായിച്ചതിനെതിരെ വിമര്‍ശനവുമായി ഇന്ത്യ


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്ഥാനെ പിന്തുണച്ചതായി ചൈനീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യയുടെ കടുത്ത പ്രതികരണം. ഭീകര അടിസ്ഥാനസൗകര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പതിവ് വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ സൈനിക സംഘര്‍ഷത്തിനിടെ ചൈന പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

ചൈനീസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് അറിയപ്പെട്ടിരുന്ന കാര്യങ്ങളെയാണ് സ്ഥിരീകരിക്കുന്നതെന്ന് ജയ്സ്വാള്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവിരുദ്ധ നടപടിയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീഷണികളില്‍ നിന്ന് ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാമിലെ ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് നടത്തിയ കൃത്യവും നിയന്ത്രിതവുമായ നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി നടന്ന നാലുദിവസത്തെ സംഘര്‍ഷത്തിനിടെ പാകിസ്ഥാന് ചൈനീസ് എഞ്ചിനീയര്‍മാരാണ് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ചൈനീസ് മാധ്യമങ്ങള്‍ ഏവിയേഷന്‍ ഇന്‍ഡ്‌സ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈനയിലെ എഞ്ചിനീയര്‍ ഴാങ് ഹെങ് നല്‍കിയ അഭിമുഖവും സംപ്രേഷണം ചെയ്തു. അദ്ദേഹം പാകിസ്ഥാനെ സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജെ-10സിഇ യുദ്ധവിമാനങ്ങളും ഡ്രോണ്‍ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്.

പാകിസ്ഥാന്‍ വ്യോമസേന നിലവില്‍ ജെ-10സിഇ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ചൈനീസ് നിര്‍മ്മിത വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.