ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 25% തീരുവ 17% ആയി കുറയാം; വ്യാപാര കരാര്‍ നിര്‍ണായകം

ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 25% തീരുവ 17% ആയി കുറയാം; വ്യാപാര കരാര്‍ നിര്‍ണായകം


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ചേക്കാവുന്ന 25 ശതമാനം അധിക തീരുവ 17 ശതമാനമായി കുറയാന്‍ സാധ്യത. ഇരുരാജ്യങ്ങളും പരസ്പര വ്യാപാര കരാറില്‍ (Agreement on Reciprocal Trade) എത്തിച്ചേരണമെന്നതാണ് ഇതിന് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന വ്യവസ്ഥ. ഇന്ത്യയുടെ വ്യാവസായിക നയങ്ങളും ഉല്‍പാദന രീതികളും അമേരിക്കന്‍ വ്യാപാര താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുവ നിര്‍ദേശം.

എട്ടുമാസം നീണ്ട സെക്ഷന്‍ 301 അന്വേഷണത്തിനു ശേഷം നവംബര്‍ 25നാണ് അമേരിക്കന്‍ വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രീര്‍ ഇന്ത്യക്കെതിരെ നിര്‍ദേശിച്ച തീരുവ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ വ്യാവസായിക നയങ്ങളും ഉല്‍പാദന മേഖലയിലെ നടപടികളും യുക്തിരഹിതമാണെന്നും അമേരിക്കന്‍ വ്യാപാരത്തെ നിയന്ത്രിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നുമാണ് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിന്റെ (യു.എസ്.ടി.ആര്‍) വിലയിരുത്തല്‍.

ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യ നടപ്പാക്കുന്ന വ്യാവസായിക പദ്ധതികള്‍, തൊഴിലാളികളുടെ സംരക്ഷണത്തിലെ അപര്യാപ്തത, സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങള്‍, വിദേശ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിലനില്‍ക്കുന്ന പ്രവേശന തടസ്സങ്ങള്‍ എന്നിവയാണ് അമേരിക്ക പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആഗോളതലത്തില്‍ ഉല്‍പാദനശേഷി അധികരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതായും അമേരിക്ക ആരോപിക്കുന്നു. വിപണിയധിഷ്ഠിതമല്ലാത്ത സമ്പദ്‌വ്യവസ്ഥകളില്‍ നിന്നുള്ള ഇറക്കുമതിയും നേരിട്ടുള്ള വിദേശ നിക്ഷേപവും ഇതിന് കാരണമാകുന്നുവെന്നാണ് അമേരിക്കയുടെ വാദം.

ഇന്ത്യയുടെ ഇത്തരം നയങ്ങള്‍ അമേരിക്കന്‍ ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ള വാണിജ്യ അവസരങ്ങള്‍ കുറയ്ക്കുന്നതായും അമേരിക്കയിലെ ഉല്‍പാദനം, കയറ്റുമതി, തൊഴില്‍, നിക്ഷേപം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതായും യു.എസ്.ടി.ആര്‍ ആരോപിക്കുന്നു. ആരോഗ്യരംഗം, പ്രത്യേകിച്ച് ഔഷധങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും, ഉരുക്ക്, സൗരോര്‍ജം, വിവരസാങ്കേതിക വിനിമയ മേഖലകള്‍ എന്നിവയെയാണ് അന്വേഷണത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്.

നിര്‍ദേശിക്കപ്പെട്ട 25 ശതമാനം തീരുവയ്ക്ക് ചില ഉല്‍പന്നങ്ങള്‍ക്ക് ഇളവുകളും നിലവിലുള്ള തീരുവ വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള ഒഴിവുകളും ബാധകമായിരിക്കും. എന്നാല്‍ അമേരിക്കയുമായി പരസ്പര വ്യാപാര കരാറില്‍ ഇന്ത്യ എത്തുകയും അന്വേഷണത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്താല്‍ തീരുവ 17 ശതമാനമായി കുറയ്ക്കുന്നത് പരിഗണിക്കാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ണായകമാകും.

ഇന്ത്യയ്ക്കു പുറമെ ചൈന, യൂറോപ്യന്‍ യൂണിയന്‍, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കും പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ നിര്‍ദേശം. ചൈനയ്ക്ക് 20 ശതമാനം വരെയും വിയറ്റ്‌നാമിന് 35 ശതമാനം വരെയും തീരുവ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാര കരാറിലെത്തിയാല്‍ വിയറ്റ്‌നാമിന്റെ നിരക്ക് 20 ശതമാനമായി കുറയാം. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്ക് 15 ശതമാനം വരെയും സിംഗപ്പൂരിന് 20 ശതമാനം വരെയും തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. സിംഗപ്പൂരിന്റെ നിരക്ക് വ്യാപാര കരാറിലൂടെ 10 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട്. ബംഗ്ലാദേശ്, കംബോഡിയ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് 18 ശതമാനം വരെയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വ്യാവസായിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളും സര്‍ക്കാര്‍ സഹായങ്ങളും തൊഴിലാളികളുടെ വേതനതൊഴില്‍ സംരക്ഷണത്തിലെ വീഴ്ചകളും ആഗോള വ്യാപാരത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കയുടെ വാദം. ഇത്തരം നടപടികള്‍ അമേരിക്കയുടെ വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും യു.എസ്.ടി.ആര്‍ ആരോപിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ എന്ത് മാറ്റമുണ്ടാക്കുമെന്നത് വരും ദിവസങ്ങളിലെ ചര്‍ച്ചകളെ ആശ്രയിച്ചിരിക്കും.