ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികള്‍ നടത്തും. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ഷൻ കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നവംബർ 1-ന് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും ഖാർഗെ അറിയിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ കൈയടക്കുന്ന രീതിയെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കുന്നതിനായി ഒക്ടോബര്‍ രണ്ടാം വാരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. വോട്ട് തട്ടിയാണ് ബിജെപി വിജയിക്കുന്നതെന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഖാര്‍ഗെ പറഞ്ഞു.
എസ്ഐആർ, ഇവിഎം തിരിമറി, തെരഞ്ഞെടുപ്പ് കമ്മീഷനിലെ പിളർപ്പ് എന്നിവയെ കുറിച്ചും മുന്നണി ചർച്ച ചെയ്‌തു. ഈ വരുന്ന ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 'സേവ് ഡെമോക്രസി' മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കൂടാതെ ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് പ്രതിപക്ഷ എംപിമാർ ഒന്നിച്ച് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിനെ വച്ച് മോദിയും അമിത് ഷായും കളിക്കുകയാണ്. രാജ്യത്ത് വലിയ വോട്ട് മോഷണം നടന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷന്മാരായ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെസി വേണുഗോപാൽ, ടിഎംസിയുടെ മമത ബാനർജി, എസ്പി, സിപിഐ, സിപിഐ(എം), എൻസിപി(എസ്പി), ശിവസേന (യുബിടി) തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി. “അവർ ബംഗാളിൽ കൊള്ളയടിച്ചു. ഞങ്ങൾ ഇസിഐയിലും സുപ്രീം കോടതിയിലും പോയി. ഇപ്പോൾ എല്ലാം പരസ്യമാണ്. ഗ്യാനേഷ് കുമാർ ഒരു കള്ളനാണ്. അദ്ദേഹം ഇവിഎമ്മുകൾ കത്തിച്ചു. അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും" മമത ബാനർജി ആരോപിച്ചു. "ഇവിഎമ്മുകൾക്ക് പകരം ബാലറ്റുകളിലൂടെ വോട്ട് ചെയ്യണമെന്ന്" ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ സഖ്യകക്ഷികളോട് ആവശ്യപ്പെടുകയും ചെയ്‌തു.
കേന്ദ്ര സർക്കാരും കമ്മീഷനും ചേർന്ന് ഇന്ത്യൻ ജനതയുടെ ജനാധിപത്യപരമായ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തേ ജനാധിപത്യത്തേക്കാൾ വലിയവരായി ഈ രാജ്യത്ത് ആരുമില്ലെന്നും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഒരോ പൗരൻ്റെ വോട്ട് സംരക്ഷിക്കാൻ ഏത് അറ്റം വരെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ചോരി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് 'ഇന്ത്യ' മുന്നണി
