ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ച ആരോപിച്ചും പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച 'ചലോ ദില്ലി' സുപ്രീംകോടതി മാർച്ച് ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി, നേഹ ബോറ, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് ബസുകളിൽ നേതാക്കളും എംപിമാരും സുപ്രീംകോടതി പരിസരത്തേക്ക് തിരിഞ്ഞത്.
സുപ്രീം കോടതിയെ സമീപിക്കാനായി പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ മധ്യ ഡൽഹിയിൽ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരിക്കുന്നത്. കോണാട്ട് പ്ലേസിനും മാണ്ഡി ഹൗസിനും ഇടയിലുള്ള പ്രദേശം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. രണ്ടു ബസുകളിലായി കയറിയ ഇന്ത്യ സഖ്യ നേതാക്കൾക്കൊപ്പം പ്രതിഷേധക്കാരും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ബാരക്കമ്പയിലെത്തി അവിടെ നിന്നും കാൽനടയായി സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് പരിപാടി. സുപ്രീംകോടതി മെട്രോ സ്റ്റേഷൻ മുതൽ മാണ്ഡി ഹൗസ് വരെയുള്ള റോഡ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് പൂർണ്ണമായും അടച്ചു. ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നതിനാൽ ഈ പാത പൊതുജനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, യാത്രക്കാർ പകരം വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രതിഷേധക്കാരെ തടയുന്ന ഇടങ്ങളിൽ വെച്ച് ശക്തമായ പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണഘടന സംരക്ഷിക്കാനായി രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ജനങ്ങൾ തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവാക്കൾക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തെ കടുത്ത ഭാഷയിൽ വിമർശിച്ച നേതാക്കൾ, ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് പരാതി നൽകാനാണ് പദ്ധതിയിടുന്നത്. വൻ ജനപ്രവാഹം എത്തുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്.
ഇത് പരമശിവന്റെ താണ്ഡവം: രാഹുൽ
പ്രതിപക്ഷം നടത്തുന്ന സമരത്തെ പരമശിവന്റെ താണ്ഡവത്തോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൃത്യമായ ആസൂത്രണമില്ലാതെയാണ് പ്രതിഷേധം മുന്നോട്ടുപോകുന്നത്. ഭരണഘടന സംരക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിജെപി പ്രവർത്തകർ ഉൾപ്പെടെ ആർക്കും സമരത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിലേക്കുള്ള പ്രതിപക്ഷത്തിന്റെ ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് താണ്ഡവമാണ്, ശിവന്റെ നൃത്തം. ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല. ഇന്ന് ഞങ്ങൾ സുപ്രീംകോടതിയിലേക്ക് പോകുന്നു. നാളെ മറ്റെന്തെങ്കിലും സംഭവിക്കാം. എന്നാൽ ഇതിന്റെയെല്ലാം ആശയം ഒന്നാണ്. ഇതിന് ആസൂത്രണത്തിന്റെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആകാശവാണി ഭവനിലേക്ക് പോയപ്പോഴും കൃത്യമായ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബസിൽ പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ പൊലിസ് ബസ് തടയുകയും യാത്ര അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നിൽ എല്ലായ്പ്പോഴും കൃത്യമായ ആസൂത്രണം വേണമെന്നില്ല.
തെറ്റാണെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾക്കെതിരായ ശക്തമായ വികാരമാണ് പലപ്പോഴും പ്രതിഷേധങ്ങൾക്ക് പ്രേരണയാകുന്നത്. ഇന്ത്യ ചെറുത്തുനിൽക്കുന്നത് ഹൃദയംകൊണ്ടാണെന്നും ആസൂത്രണംകൊണ്ടല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിജെപിയുടേത് ഉൾപ്പെടെയുള്ള മറ്റ് പ്രതിഷേധങ്ങളും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധവും പരസ്പരം മത്സരിക്കുന്നവയോ സമാന്തരമായി പോകുന്നവയോ അല്ലെന്നും രാഹുൽ വ്യക്തമാക്കി.
റോഡുകളില്‍ എന്തിനാണ് 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡസണ്‍ കണക്കിന് ബസുകളും കലാപ വിരുദ്ധ വാഹനങ്ങളും ജലപീരങ്കികളും നിരത്തിയിരിക്കുന്നത് എന്തിനാണ്? ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്‍റെ വലിയൊരു തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പൊതുജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവരും തമ്മിലുള്ള പോരാട്ടമാണ്. പ്രതിഷേധിച്ചെത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. അതിനായി ആര്‍എസ്‌എസ് ഗുണ്ടകളെയാണ് സര്‍ക്കാര്‍ അഴിച്ചുവിട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും തെരഞ്ഞെടുപ്പ് സുതാര്യതയുടെയും കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷനും താനും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. അതിന് ചീഫ് ജസ്റ്റിസ് ഞങ്ങൾക്ക് മറുപടി നൽകുകയും ഒരു ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഇന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കളോടൊപ്പം ഞാൻ സുപ്രീംകോടതിയിലെത്തി ഈ ഹർജി സമർപ്പിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരം മുഴുവൻ തടസം സൃഷ്‌ടിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ നിങ്ങൾ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കണമെന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. അവർ എത്രത്തോളം തടസങ്ങൾ സൃഷ്‌ടിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്യുന്നുവോ അത്രത്തോളം അവർ ഞങ്ങളുടെ കെണിയിൽ വീഴുകയാണ്. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട തെളിവുകൾ രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നുവെന്ന തന്‍റെ മുൻപത്തെ അവകാശവാദം രാഷ്ട്രപതിയുടെ ഓഫിസ് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യ ബ്ലോക്കിൻ്റെ നിവേദനം സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ഭരണഘടനാപരമായ വിഷയങ്ങളിൽ ഭരണപരമായ കൂടിക്കാഴ്ചകൾ സാധ്യമല്ലെന്നും, ആവശ്യമെങ്കിൽ പ്രതിപക്ഷത്തിന് കോടതിയെ സമീപിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധി സംഘത്തെ ഭരണപരമായ തലത്തിൽ കാണാൻ കോടതിക്ക് അധികാരമില്ലെന്നും, ഹർജികൾ കേട്ട് വിധി പറയുക എന്നതാണ് കോടതിയുടെ ചുമതലയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ പരമോന്നത നീതിന്യായ പീഠം എന്ന നിലയിൽ സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും, ഓരോ പൗരൻ്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ചോർച്ചയ്ക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മാർച്ച് സുപ്രീംകോടതിയിലേക്ക്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
