സമരച്ചൂടിൽ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ പിന്നോട്ടില്ലെന്ന് രാ​ഹുൽ

സമരച്ചൂടിൽ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ പിന്നോട്ടില്ലെന്ന് രാ​ഹുൽ


ന്യൂഡൽ‌ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ചുമറിഞ്ഞ് ഡൽഹി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആസ്ഥാന പരിസരത്ത് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുകയാണ്. അതിനിടെ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാ‍ർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയ രാഹുൽ ആകാശവാണി കവാടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

നിർവാചൻ സദനിലേക്ക് മാർച്ച് ചെയ്ത പ്രതിപക്ഷ നേതാക്കളെ നിതി ആയോഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കൾക്കിടയിൽ നിന്ന് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയും പോലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രതിരോധം തീർത്തു. ഇതിനിടെ പൊലീസ് പ്രിയങ്കാ ഗാന്ധിയെ തടഞ്ഞുവെച്ച് കസ്റ്റഡി ബസിലേക്ക് മാറ്റിയെങ്കിലും, അവർ പെട്ടെന്നുതന്നെ ബസിൽ നിന്നിറങ്ങി സഹോദരനൊപ്പം ചേർന്നു. പൊലീസിന്റെ പ്രതിരോധ വലയം ഭേദിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദീപേന്ദർ ഹൂഡയും റിസപ്ഷൻ ഗേറ്റ് വഴി ആകാശവാണി ഭവൻ വളപ്പിലേക്ക് കടക്കുകയും അവിടുത്തെ മരച്ചുവട്ടിൽ കുത്തിയിരുന്ന് സമരം തുടരുകയും ചെയ്തു.

"ഞങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽക്കണ്ട് സംശയങ്ങൾ ചോദിക്കാനുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയങ്ങൾക്ക് അവർ മറുപടി തേടണം. ഇരിക്കാൻ ഒരിടം തരാതെ എല്ലായിടത്തുനിന്നും എന്നെ മാറ്റുകയാണ്. എനിക്ക് എവിടെ ഇരിക്കാം? ഇന്ത്യ ഗേറ്റിൽ ഇരിക്കണമോ, അതോ ജന്തർ മന്ദറിലോ? ഈ റോഡിൽ ഇരിക്കാൻ സമ്മതിക്കുമോ? നിങ്ങൾ ഒരു സ്ഥലം പറയൂ, ഞാൻ അവിടെ ഇരിക്കാം," എന്ന് രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കി രോഷത്തോടെ ചോദിച്ചു.

അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ നേതാക്കളായ ഡെറക് ഒബ്രിയൻ, അഭിഷേക് ബാനർജി തുടങ്ങിയവരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ബസിൽ മാറ്റി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ സന്നാഹം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമം നടത്തിയത്. ഗ്യാനേഷ് കുമാർ ആർഎസ്എസ് യൂണിഫോം ധരിച്ച ചിത്രങ്ങളടങ്ങിയ കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ച പ്രതിപക്ഷ എംപിമാർ, "ബിജെപി ഹേ സിഇസി ഹേ", "വോട്ട് ചോർ ഗദ്ദി ഛോഡ്", "ജനാധിപത്യം വിൽപ്പനയ്ക്കുള്ളതല്ല" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. "ഗ്യാനേഷ്, സമയം കഴിഞ്ഞു സഹോദരാ... രാജി വെക്കൂ" എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിക്കുകയും ചെയ്തു.

സമാധാനപരമായി സമരം ചെയ്‌ത കേരളത്തില്‍ നിന്നുള്ള എംപിമാരെ വലിച്ചിഴയ്ക്കാനും കഴുത്തില്‍ കുത്തിപ്പിടിച്ച് നീക്കം ചെയ്യാനും ശ്രമിച്ചതായി ഷാഫി പറമ്പില്‍ എംപി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ആന്‍റോ ആന്‍റണിയ്ക്ക് നേരെയും മര്‍ദ്ദന ശ്രമം. പൊലീസുകാര്‍ പറഞ്ഞാലുടന്‍ സമരം അവസാനിപ്പിക്കാന്‍ തങ്ങള്‍ എബിവിപിക്കാരല്ലെന്നും ഷാഫി പറഞ്ഞു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​എ.​റ​ഹീം, ജോ​ൺ ബ്രി​ട്ടാ​സ്, പി.​സ​ന്തോ​ഷ് കു​മാ​ർ, വി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രെയും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. 

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ചിട്ടില്ലെന്നും കമ്മീഷന്റെ രേഖകൾ കോടതി പരിശോധിക്കുമെന്നുമുള്ള സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമാണ് പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ ആയുധമായത്. ഫോം 6 നടപടികൾ സുപ്രീം കോടതി അംഗീകരിച്ചുവെന്ന് കാട്ടി സെപ്റ്റംബർ 26-ന് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പ് വ്യാജവും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ കുറ്റപ്പെടുത്തി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഉന്നത ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ഒരു വ്യക്തി ഒറ്റയ്ക്ക് തകർത്തുവെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു. സമാധാനപരമായി നടന്നുപോകാൻ ശ്രമിച്ച ജനപ്രതിനിധികളെ തടയാൻ അതിർത്തി രക്ഷാസേനയെയും സിഐഎസ്എഫിനെയും വിന്യസിച്ചത് എന്തിനാണെന്നും ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത് തുറന്നടിച്ചു. കമ്മീഷന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് 'ഇന്ത്യ' മുന്നണിയുടെ തീരുമാനം.

അതേസമയം, കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്ത് വീണ്ടും അരാജകത്വം സൃഷ്ടിക്കാനും രാഹുല്‍ ഗാന്ധിയെ റീലോഞ്ച് ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. സുപ്രീം കോടതി പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കോണ്‍ഗ്രസ് രാഷ്ട്രീയം വളര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.