ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിച്ച് ബന്ധം 'എൻഹാൻസ്ഡ് കോംപ്രഹൻസീവ് സ്ട്രാറ്റജിക് പാർട്‌നർഷിപ്പ്' നിലയിലേക്ക് ഉയർത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിയറ്റ്‌നാം പ്രസിഡന്റ് ടോ ലാമും തമ്മിലുള്ള ചർച്ചകൾക്കു ശേഷമാണ് പ്രഖ്യാപനം.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 25 ബില്യൺ ഡോളറിലെത്തിക്കുകയാണ് പുതിയ ലക്ഷ്യം. ഏഷ്യയിലെ അതിവേഗം വളരുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഹൈടെക് നിർമാണം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ്, ഇലക്ട്രിക് വാഹനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപ സഹകരണം വർധിപ്പിക്കാനും ധാരണയായി. സാംസ്‌കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി മോഡി വ്യക്തമാക്കി.
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം അനുവദിക്കുന്നതിലും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യൻ മുന്തിരിക്കും വിയറ്റ്‌നാമീസ് ദുരിയാനും(വലിയ ചുളകളുള്ള ഒരു പഴം) അനുമതി ലഭിച്ചതിനെ സ്വാഗതം ചെയ്ത ഇരുപക്ഷവും മാതളനാരങ്ങ, പോമെലോ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വേഗത്തിൽ അനുമതി നൽകാൻ തീരുമാനിച്ചു.
ഇന്തോപസഫിക് മേഖലയിലെ സമുദ്രസുരക്ഷയും മേഖലകളുമായി ബന്ധപ്പെട്ട നിരീക്ഷണ സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. പ്രതിരോധ ഉത്പന്നങ്ങളുടെ വാങ്ങലുകളും പ്രതിരോധ വ്യവസായ സഹകരണവും വർധിപ്പിക്കാനും ധാരണയായി.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, കൃത്രിമ ബുദ്ധി, 6ജി, ബഹിരാകാശം, നിർണായക ഖനിജങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിലും സഹകരണം വർധിപ്പിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇതിനൊപ്പം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്‌നാമും തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു. ക്യൂആർ കോഡ് അടിസ്ഥാനമാക്കിയ രാജ്യാന്തര ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉൾപ്പെടെ ധനകാര്യ നവീകരണ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യ-വിയറ്റ്‌നാം ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ; 2030ഓടെ 25 ബില്യൺ ഡോളർ വ്യാപാരലക്ഷ്യം
