ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ വീണ്ടും വിള്ളല്‍; പരസ്പരം നയതന്ത്ര ദൂതന്മാരെ വിളിച്ചുവരുത്തി

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ വീണ്ടും വിള്ളല്‍; പരസ്പരം നയതന്ത്ര ദൂതന്മാരെ വിളിച്ചുവരുത്തി


ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും കടുത്ത സംഘര്‍ഷം. പരസ്പരം അംബാസഡര്‍മാരെ വിളിച്ചുവരുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, ബംഗ്ലാദേശ് ഹൈകമ്മീഷണര്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വിളിച്ചുവരുത്തി.

ഇതിനു മുന്‍പ്, ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക അറിയിച്ച് ഇന്ത്യയുടെ ഹൈകമ്മീഷണര്‍ പ്രണയ് വര്‍മ്മയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയില്‍ വിളിച്ചുവരുത്തിയിരുന്നു. ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈകമ്മീഷന്‍ ഓഫിസിനു നേരെയുണ്ടായ കല്ലേറാണ് ഇന്ത്യയുടെ പ്രതിഷേധത്തിന് പ്രധാന കാരണം. യുവജന നേതാവായ ശരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലാണ് നയതന്ത്ര കാര്യാലയം ലക്ഷ്യമാക്കപ്പെട്ടത്. 

ധാക്കയില്‍ നടന്ന വെടിവയ്പില്‍ പരിക്കേറ്റ് മരിച്ച ഹാദി ഇന്ത്യവിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ഇന്‍കിലാബ് മഞ്ച വേദിയിലെ മുതിര്‍ന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കും ബംഗ്ലാദേശ് സാക്ഷിയായി. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചിറ്റഗോംഗിലെ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തില്‍ വിസ സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ഇന്ത്യ അറിയിച്ചു.

ഇതിനിടെ, ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷക്കാരനായ ദീപു ചന്ദ്ര ദാസിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ നയതന്ത്ര മേഖലയ്ക്ക് സമീപം വിഎച്ച്പി, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മൈമന്‍സിംഗില്‍ ഗാര്‍മെന്റ് തൊഴിലാളിയായ ദീപു ചന്ദ്ര ദാസിനെ മതനിന്ദ ആരോപിച്ച് മര്‍ദിച്ച് തീകൊളുത്തിയ സംഭവം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കി. ഈ സാഹചര്യത്തില്‍ ഡല്‍ഹി, സിലിഗുരി, അഗര്‍ത്തല എന്നിവിടങ്ങളിലെ വിസ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

അതിര്‍ത്തി സുരക്ഷയും ന്യൂനപക്ഷ സംരക്ഷണവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ നിലപാടുകള്‍ കടുപ്പിച്ചതോടെ, ദീര്‍ഘകാല സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വീണ്ടും നിര്‍ണായക വഴിത്തിരിവിലാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നു.