അമേരിക്കന്‍ ആക്രമണത്തിനിടെ ഇറാന്റെ മൂന്ന് കപ്പലുകള്‍ക്ക് ഇന്ത്യയുടെ ഡോക്കിംഗ് അനുമതി; കൊച്ചിയിലെത്തിയത് ഐആര്‍ഐഎസ് ലവാന്‍ മാത്രം

അമേരിക്കന്‍ ആക്രമണത്തിനിടെ ഇറാന്റെ മൂന്ന് കപ്പലുകള്‍ക്ക് ഇന്ത്യയുടെ ഡോക്കിംഗ് അനുമതി; കൊച്ചിയിലെത്തിയത് ഐആര്‍ഐഎസ് ലവാന്‍ മാത്രം


കൊച്ചി: അന്താരാഷ്ട്ര നാവിക അഭ്യാസങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ ഇറാന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ക്ക് കൊച്ചിയില്‍ ഡോക്കിംഗ് അനുമതി നല്‍കിയിരുന്നെങ്കിലും ഒന്ന് മാത്രമാണ് കേരളത്തിലെത്തിയത്. അതേസമയം മറ്റൊരു കപ്പല്‍ അമേരിക്കന്‍ മുങ്ങിക്കപ്പല്‍ ആക്രമണത്തില്‍ മുങ്ങിയതോടെ പ്രദേശത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.

ഇന്ത്യ നടത്തിയ ബഹുരാഷ്ട്ര നാവിക അഭ്യാസമായ മിലാന്‍ 2026ഉം ഇന്റര്‍നാഷണല്‍ ഫ്‌ളീറ്റ് റിവ്യൂ 2026 വിശാഖപട്ടണവും കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇറാന്റെ മൂന്ന് കപ്പലുകള്‍ ഇന്ത്യയില്‍ ഡോക്കിംഗ് അനുമതി തേടിയത്.

ഐറിസ് ലവാന്‍ (ആംഫിബിയസ് ലാന്‍ഡിംഗ് ഷിപ്പ്), ഐറിസ് ബുഷെഹര്‍ (സപ്ലൈ കപ്പല്‍), ഐറിസ് ദേന (മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റ്) എന്നീ കപ്പലുകളാണ് അഭ്യാസത്തില്‍ പങ്കെടുത്തത്.

ഫെബ്രുവരി 28-ന് ഇറാന്‍ ഈ കപ്പലുകള്‍ക്ക് ഇന്ത്യയില്‍ പോര്‍ട്ട് കോളിന് അനുമതി തേടി. മാര്‍ച്ച് 1ന് ഇന്ത്യന്‍ അധികൃതര്‍ ഇത് അംഗീകരിച്ചു. എന്നാല്‍ മൂന്ന് കപ്പലുകളില്‍ നിന്ന് കൊച്ചിയില്‍ എത്തിയത് ഐറിസ് ലവാന്‍ മാത്രമാണ്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തര മനുഷ്യാവകാശ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു.

കപ്പലിലെ 183 അംഗ സംഘത്തെ ഇന്ത്യന്‍ നാവികസേനയുടെ സൗകര്യങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനം മാനുഷിക നിലപാടും ഇന്ത്യ- ഇറാന്‍ സൗഹൃദത്തിന്റെ പ്രതിഫലനവും ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയത്. 

അതേസമയം മറ്റൊരു ഇറാനിയന്‍ കപ്പലായ ഐറിസ് ദേന ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം അന്താരാഷ്ട്ര ജലപരിധിയില്‍ അമേരിക്കന്‍ സബ്മറീന്‍ നടത്തിയ ടോര്‍പീഡോ ആക്രമണത്തില്‍ മുങ്ങി. ആക്രമണത്തില്‍ കുറഞ്ഞത് 87 നാവികര്‍ കൊല്ലപ്പെട്ടതായും 32 പേരെ ശ്രീലങ്കന്‍ നേവി രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റൊരു കപ്പലായ ഐറിസ് ബുഷെഹര്‍ എഞ്ചിന്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീലങ്കയുടെ ജലപരിധിയിലേക്ക് പ്രവേശിച്ചു. പിന്നീട് ശ്രീലങ്കന്‍ അധികൃതര്‍ കപ്പലിനെ നിയന്ത്രണത്തില്‍ എടുത്ത് 200-ലധികം നാവികരെ കരയിലേക്ക് മാറ്റി. കപ്പല്‍ ഇപ്പോള്‍ ട്രിങ്കോമാലി തുറമുഖത്തിന് സമീപം ശ്രീലങ്കന്‍ നാവികസേനയുടെ മേല്‍നോട്ടത്തിലാണ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്കും വ്യാപിക്കുന്നുവെന്ന ആശങ്കയോടെയാണ് ഈ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്.