'ഇന്ത്യ നിര്‍ണായക പങ്കാളി'; പുതിയ ദേശീയ സുരക്ഷാ തന്ത്രരേഖയില്‍ ട്രംപ് ഭരണകൂടം

'ഇന്ത്യ നിര്‍ണായക പങ്കാളി'; പുതിയ ദേശീയ സുരക്ഷാ തന്ത്രരേഖയില്‍ ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: ഇന്ത്യയെ അമേരിക്കയുടെ 'നിര്‍ണായക പങ്കാളി'യായി വിശേഷിപ്പിച്ച് ട്രംപ് ഭരണകൂടം പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാ തന്ത്രരേഖ. 2025 നവംബറില്‍ പ്രസിദ്ധീകരിച്ച 33 പേജുള്ള നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി ഓഫ് ദ യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന രേഖയില്‍ ഇന്ത്യയെ മൂന്ന് തവണ പരാമര്‍ശിക്കുന്നു. ന്യൂഡല്‍ഹിയുമായി സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ഇന്ത്യ-അമേരിക്ക ബന്ധം ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്കും ആഗോള സാമ്പത്തിക തുല്യതയ്ക്കും അനിവാര്യമാണെന്നും രേഖ വ്യക്തമാക്കുന്നു.

അമേരിക്ക കൂടുതല്‍ സഖ്യരാഷ്ട്രങ്ങളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ 30 ട്രില്യണ്‍ ഡോളറിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് പുറമേ, സഖ്യരാജ്യങ്ങള്‍ ചേര്‍ന്നാല്‍ 35 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തി കൂടി ഉണ്ടാകുമെന്നും, ഇതുവഴി വേട്ടയാടുന്ന തരത്തിലുള്ള സാമ്പത്തിക നടപടികളെ ചെറുക്കാനും ലോകസാമ്പത്തിക രംഗത്തെ മുന്‍തൂക്കം നിലനിര്‍ത്താനും കഴിയും എന്നും ട്രംപ് ഭരണകൂടം വിലയിരുത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രത്യേകം മുന്‍നിര്‍ത്തുന്നത്. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങളും മറ്റ് സഹകരണങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയില്‍ ന്യൂഡല്‍ഹി കൂടുതല്‍ പങ്കുവഹിക്കണമെന്നതും രേഖ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നിവര്‍ക്കൊപ്പം ഇന്ത്യ ഉള്‍പ്പെടുന്ന ക്വാഡ് സഹകരണം തുടര്‍ന്നും ശക്തിപ്പെടുത്തണമെന്നും, ഒരൊറ്റ രാജ്യത്തിന്റെ ആധിപത്യം മേഖലയില്‍ സ്ഥാപിക്കപ്പെടുന്നത് തടയാന്‍ സഖ്യങ്ങളും പങ്കാളികളും ഒരുമിച്ച് നീങ്ങണമെന്നും പറയുന്നു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2025 മെയ് മാസത്തിലെ പെര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം പരാമര്‍ശിക്കുന്ന രേഖ, യൂറോപ്പ്യന്‍-ഏഷ്യന്‍ സഖ്യരാജ്യങ്ങള്‍ ഉള്‍പ്പെടെ പാശ്ചാത്യ അര്‍ദ്ധഗോളത്തിലും ആഫ്രിക്കയിലുമുള്ള നിര്‍ണായക ഖനിജ വിഭവങ്ങളുടെ മേഖലയില്‍ സംയുക്ത നിലപാടുകള്‍ ഇന്ത്യയുമായി ചേര്‍ന്ന് ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കുന്നു.

ദക്ഷിണ ചൈന കടല്‍ മേഖലയിലെ സാഹചര്യം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു ഭീഷണിയാകാമെന്നും രേഖ മുന്നറിയിപ്പ് നല്‍കുന്നു. ലോകവ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍പ്പാതകളിലൊന്നില്‍ എതിര്‍ ശക്തികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ടോള്‍ സമ്പ്രദായമോ പ്രവേശന നിയന്ത്രണമോ നടപ്പാക്കിയാല്‍ അത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ശക്തമായ പ്രതിരോധ നടപടികളും നാവിക ശേഷിയില്‍ കൂടുതല്‍ നിക്ഷേപവും അനിവാര്യമാണെന്നും, ഇന്ത്യ മുതല്‍ ജപ്പാന്‍ വരെ ബാധിക്കപ്പെടുന്ന എല്ലാ രാജ്യങ്ങളുമായും ശക്തമായ സഹകരണം ആവശ്യമാണ് എന്നും രേഖ പറയുന്നു.

അതേസമയം, ഇന്ത്യയെ നിരവധി തവണ പ്രധാന്യത്തോടെ പരാമര്‍ശിക്കുന്ന ഈ രേഖയില്‍ പാക്കിസ്ഥാനെ കുറിച്ച് ഒരേയൊരു പരാമര്‍ശം മാത്രമാണ് ഉള്ളത്. ട്രംപ് വിവിധ രാജ്യങ്ങള്‍ക്കിടയില്‍, ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടെ, സമാധാന ചര്‍ച്ചകള്‍ നടത്തിയെന്ന പരാമര്‍ശത്തിനിടയിലാണ് പാക്കിസ്ഥാനെ കുറിച്ച് സൂചിപ്പിക്കുന്നത്.