വീട്ടില്‍ പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന് പാര്‍ലമെന്ററി സമിതി

വീട്ടില്‍ പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന് പാര്‍ലമെന്ററി സമിതി


ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ വന്‍തോതില്‍ പണം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഉന്നയിച്ച മൂന്ന് ആരോപണങ്ങളും തെളിഞ്ഞതായി പാര്‍ലമെന്റ് നിയോഗിച്ച അന്വേഷണ സമിതി. വിശദീകരിക്കപ്പെടാത്ത വലിയ തുക ഔദ്യോഗിക വസതിയില്‍ കണ്ടെത്തിയത്, നിര്‍ണായക തെളിവുകള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കാതിരുന്നത്, സംഭവത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ ഒഴിഞ്ഞുമാറുന്നതും തൃപ്തികരമല്ലാത്തതുമായിരുന്നു എന്നിവയാണ് സമിതി കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍.

ന്യൂഡല്‍ഹിയിലെ തുഗ്ലക് ക്രസന്റിലുള്ള ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ മുറിയില്‍നിന്നാണ് പണം കണ്ടെത്തിയത്. വന്‍തോതില്‍ 500 രൂപയുടെ നോട്ടുകള്‍ ഇവിടെ കണ്ടെത്തിയതായി അന്വേഷണ സമിതി വ്യക്തമാക്കി. പണത്തിന്റെ ഉറവിടം, ഉടമസ്ഥാവകാശം, ഔദ്യോഗിക വസതിയില്‍ പണം എത്തിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനായില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

ഔദ്യോഗിക വസതിയില്‍ വിശദീകരിക്കപ്പെടാത്ത ഇന്ത്യന്‍ കറന്‍സി കണ്ടെത്തിയതും കൈവശംവെച്ചതും നിര്‍ണായക തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുകയും തെളിവുകളില്‍ ഇടപെടുകയും ചെയ്തത്, ഒഴിഞ്ഞുമാറുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിശദീകരണങ്ങള്‍ നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വര്‍മ്മക്കെതിരായ മൂന്ന് ആരോപണങ്ങള്‍.

രേഖകള്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ വിശദമായി പരിശോധിച്ച സമിതി സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും തന്റെ ഭാഗം വിശദീകരിക്കാനും ജസ്റ്റിസ് വര്‍മ്മയ്ക്ക് അവസരം നല്‍കിയ ശേഷമാണ് സമിതി കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയത്.

പണത്തിന്റെ സാന്നിധ്യം, ഉറവിടം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് ജഡ്ജിക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനായില്ലെന്ന് സമിതി വ്യക്തമാക്കി.

നിര്‍ണായക തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ലെന്നും നിയമാനുസൃതമായി മുറി സീല്‍ ചെയ്ത് പരിശോധന നടത്തുന്നതിന് മുമ്പ് അവിടുത്തെ തെളിവുകളുടെ അവസ്ഥയില്‍ മാറ്റം വരുത്തിയെന്നും സമിതി കണ്ടെത്തി. പിന്നീട് കണ്ടെത്തിയ പണം ലഭ്യമല്ലാതായതും വിശദീകരിക്കപ്പെടാതെ തുടരുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് വര്‍മ്മ 2025 മാര്‍ച്ച് 22ന് നല്‍കിയ മറുപടിയും പിന്നീട് സ്വീകരിച്ച നിലപാടുകളും അന്വേഷണ സമിതി പരിശോധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണങ്ങളില്‍ സാഹചര്യത്തിന് ആവശ്യമായ സുതാര്യതയും സ്ഥാപനപരമായ ഉത്തരവാദിത്തബോധവും ഉണ്ടായിരുന്നില്ലെന്ന് സമിതി വിലയിരുത്തി. സ്വതന്ത്ര ഔദ്യോഗിക സാക്ഷികളുടെ മൊഴികളും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ചപ്പോഴും വിശദീകരണങ്ങള്‍ ഒഴിഞ്ഞുമാറുന്നതും തൃപ്തികരമല്ലാത്തതുമാണെന്ന് കണ്ടെത്തിയതായി സമിതി പറഞ്ഞു.

ആരോപണങ്ങള്‍ ആദ്യം നിഷേധിച്ച ജസ്റ്റിസ് വര്‍മ്മ പിന്നീട് തന്റെ വസതിയില്‍ കണ്ടെത്തിയ പണത്തിന് മറ്റ് സാധ്യതയുള്ള വിശദീകരണങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. പണം ആരെങ്കിലും അവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നും മറ്റുള്ളവര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. തീയണയ്ക്കുന്നതിനിടെയാണ് വസതിയില്‍ പണത്തിന്റെ കെട്ടുകള്‍ കണ്ടെത്തിയത്. ചില കെട്ടുകള്‍ക്ക് ഒന്നര അടിയിലധികം ഉയരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം വലിയ വിവാദത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ ചുമതലകളും പിന്‍വലിച്ചിരുന്നു.