മോഡി വെറും 18 ദിവസം കാത്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരുടെ വേദനയും പ്രതിസന്ധിയും ഒഴിവാക്കാമായിരുന്നു: ജയറാം രമേശ്

മോഡി വെറും 18 ദിവസം കാത്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരുടെ വേദനയും പ്രതിസന്ധിയും ഒഴിവാക്കാമായിരുന്നു: ജയറാം രമേശ്


ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് ഇടക്കാല വ്യാപാര കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേശ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡൊണള്‍ഡ് ട്രംപിന്റെ ആഗോള തീരുവകള്‍ റദ്ദാക്കിയ യു എസ് സുപ്രിം കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. 

തീരുവ സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോഡി സര്‍ക്കാര്‍ ഇന്ത്യ- യു എസ് ഇടക്കാല കരാര്‍ ചട്ടക്കൂട് ഉടന്‍ നിര്‍ത്തിവെക്കണമെന്നും സംയുക്ത പ്രസ്താവനയിലെ വ്യവസ്ഥ പ്രയോഗിച്ച്, കൃഷി മേഖലയിലെ ഇറക്കുമതി ലിബറലൈസേഷന്‍ ഒഴിവാക്കുന്ന വിധത്തില്‍ കരാര്‍ പുതുക്കണമെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനുമുമ്പ് തന്നെ ഇന്ത്യ- യു എസ് വ്യാപാര കരാറിന്റെ സമയക്രമത്തെ കുറിച്ച് ജയറാം രമേശ് സംശയം ഉന്നയിച്ചിരുന്നു. യു എസ് സുപ്രിം കോടതി വിധിക്ക് ശേഷം ട്രംപ് നടത്തിയ പ്രസ്താവനകള്‍ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു എസ് സുപ്രിം കോടതി ട്രംപിന്റെ തീരുവ നയം റദ്ദാക്കിയതിന് പിന്നാലെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ വലിയ സുഹൃത്താണെന്നും ഇന്ത്യ- യു എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതുപോലെ തുടരുമെന്നും 2025 മേയ് 10ന് 'ഓപ്പറേഷന്‍ സിന്ദൂര്‍' നിര്‍ത്തിവെക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി താന്‍ വ്യക്തിപരമായി ഇടപെട്ടുവെന്നുമാണന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചത്. 

2026 ഫെബ്രുവരി 2-ന് ഇന്ത്യ- യു എസ് വ്യാപാര കരാര്‍ അന്തിമമായി പ്രഖ്യാപിച്ചത് ആദ്യമായി പ്രസിഡന്റ് ട്രംപാണെന്ന് ചൂണ്ടിക്കാട്ടി രമേശ്  'പ്രധാനമന്ത്രി മോഡിയോടുള്ള സൗഹൃദവും ആദരവും മാനിച്ച്, അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതായി യു എസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാര്‍ അംഗീകരിച്ചു' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 2-ന് ഇന്ത്യന്‍ സമയം രാത്രിയില്‍ ഇന്ത്യ- യു എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചത് പ്രസിഡന്റ് ട്രംപ് ആയിരിക്കണമെന്ന് പ്രധാനമന്ത്രി ഉറപ്പാക്കാന്‍ കാരണമായ നിര്‍ബന്ധിത സാഹചര്യം എന്തായിരുന്നുവെന്നും അന്ന് ലോക്സഭയില്‍ ഉച്ചതിരിഞ്ഞ് എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി വൈറ്റ് ഹൗസിലെ 'നല്ല സുഹൃത്തിനെ' ബന്ധപ്പെടുകയും ശ്രദ്ധ തിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതെന്നും രമേശ് ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്റെ ദുര്‍ബല ഇമേജ് സംരക്ഷിക്കാന്‍ അതീവ ആകുലതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. അദ്ദേഹം വെറും 18 ദിവസം കൂടി കാത്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഈ വേദനയും പ്രതിസന്ധിയും ഒഴിവാക്കാനാകുമായിരുന്നുവെന്നും രാജ്യത്തിന്റെ സ്വാധീനം സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.