'ഇന്ത്യയെ സ്‌നേഹിക്കുന്നു, ഉടൻ സന്ദർശിക്കും'; ട്രംപിന്റെ സന്ദേശം വായിച്ച് അമേരിക്കൻ ആക്ടിവിസ്റ്റ്

'ഇന്ത്യയെ സ്‌നേഹിക്കുന്നു, ഉടൻ സന്ദർശിക്കും'; ട്രംപിന്റെ സന്ദേശം വായിച്ച് അമേരിക്കൻ ആക്ടിവിസ്റ്റ്


ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും താൻ ഏറെ സ്‌നേഹിക്കുന്നുവെന്നും ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും സന്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വലതുപക്ഷ പ്രവർത്തകയായ ലോറ ലൂമർ ആണ് 'ഇന്ത്യ ടുഡേ കോൺക്ലേവ് 2026' വേദിയിൽ ട്രംപിന്റെ സന്ദേശം വായിച്ചത്.

'ഏകദേശം ഒരു മണിക്കൂർ മുൻപ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയെ ഞാൻ സ്‌നേഹിക്കുന്നു. പ്രധാനമന്ത്രി മോഡി മികച്ച നേതാവും എന്റെ നല്ല സുഹൃത്തുമാണ്. ഇന്ത്യൻ ജനങ്ങളെയും ഞാൻ സ്‌നേഹിക്കുന്നു. ഉടൻ വീണ്ടും ഇന്ത്യ സന്ദർശിക്കും' എന്നാണ് ട്രംപ് പറഞ്ഞതെന്ന് ലൂമർ വ്യക്തമാക്കി.

ട്രംപ് പ്രസിഡന്റായിരുന്ന ആദ്യ കാലഘട്ടത്തിൽ 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വമ്പൻ പൊതുപരിപാടിയായ 'നമസ്‌തേ ട്രംപ് ' പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് ന്യൂഡൽഹിയിലും ആഗ്രയിലും സന്ദർശനം നടത്തിയ ട്രംപ് പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ചയും നടത്തി.

ഇതിനിടെ, ആഗോള എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ചില ഇളവുകൾ നൽകുന്നതായും അമേരിക്ക അറിയിച്ചിട്ടുണ്ട്. കടൽമാർഗ്ഗം ഇതിനകം കയറ്റി അയച്ച റഷ്യൻ എണ്ണ വാങ്ങുന്നതിന് 30 ദിവസത്തെ പ്രത്യേക ഇളവ് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

മദ്ധ്യപൂർവേഷ്യയിലെ യുദ്ധാവസ്ഥയും ഹോർമൂസ് അടച്ചുപൂട്ടലും ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിച്ചതോടെയാണ് ഈ തീരുമാനം. ലോകത്തെ ദിനംപ്രതി ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20-25 ശതമാനം ഈ കടലിടുക്കിലൂടെ തന്നെയാണ് കടന്നുപോകുന്നത്.

അമേരിക്കൻ ട്രഷറി വകുപ്പ് നൽകിയ താൽക്കാലിക അനുമതി പ്രകാരം മാർച്ച് 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും ഏപ്രിൽ 11 വരെ വിതരണം ചെയ്യാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിരിക്കുന്ന ഏകദേശം 12.4 കോടി ബാരൽ റഷ്യൻ എണ്ണ വിപണിയിൽ എത്താൻ ഇതിലൂടെ വഴിയൊരുങ്ങുമെന്ന് വിലയിരുത്തുന്നു.

അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ തുടർന്ന് ഇന്ത്യയ്ക്കുമേൽ അമേരിക്ക മുമ്പ് കർശനമായ കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു. പിന്നീട് നടന്ന ചർച്ചകളുടെ പിന്നാലെ ഇന്ത്യയുമായി വ്യാപാര കരാറിലെത്തി അമേരിക്ക ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഈ കരാർ ഈ വർഷം ഒപ്പുവയ്ക്കുമെന്നാണ് സൂചന.