ഷാംലി: ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. താഹിറ (35), ഷരീന്‍ (14), അഫ്രീന്‍ (6) എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. ഇവരെ ഒരാവ്ചയായി കാണാതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമമുഖ്യന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംശയാസ്പദമായ സാഹചര്യങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകങ്ങള്‍ സമ്മതിക്കുകയും മൃതദേഹങ്ങള്‍ വീട്ടിലെ കുഴിയില്‍ അടക്കം ചെയ്തതായി വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് സൂപ്രണ്ട് എന്‍ പി സിംഗ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തി. താഹിറ ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ ബുര്‍ഖ ധരിക്കാതെ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത് തന്റെ 'മാനത്തിന്' ക്ഷതം വരുത്തിയതായി ഫാറൂഖ് കരുതിയതായും പൊലീസ് പറഞ്ഞു.
ഒരു മാസം കഴിഞ്ഞ് ഭാര്യയെയും മക്കളെയും തിരികെ കൊണ്ടുവന്ന ഫാറൂഖ്, കടുത്ത വൈരാഗ്യത്തെ തുടര്‍ന്ന് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി വീട്ടിനുള്ളിലെ കുഴിയില്‍ അടക്കം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫാറൂഖിനെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന പിസ്റ്റളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും കേസ് തുടരന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
