ഡെറാഡൂണ്‍: ഹിമാലയന്‍ താഴ്‌വാരങ്ങളിലെ ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണ്‍ നഗരം ആഴ്ചകള്‍ക്ക് മുമ്പുണ്ടായ ഒരു ക്രൂര ആക്രമണത്തില്‍ നടുങ്ങുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ നിന്ന് പഠനത്തിനായി എത്തിയ രണ്ട് സഹോദരങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ, ഇന്ത്യയില്‍ വടക്കുകിഴക്കന്‍ ജനത നേരിടുന്ന വംശീയ വിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ശക്തമായി.
ഡിസംബര്‍ 9ന് ഡെറാഡൂണിലെ മാര്‍ക്കറ്റിലേക്ക് പോയ അഞ്ജല്‍ ചക്മയും മൈക്കല്‍ ചക്മയും ചിലരുടെ അധിക്ഷേപത്തിനിരയായതായി കുടുംബം പറയുന്നു. വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് ആക്രമണമുണ്ടായി. തലയില്‍ ലോഹ വള കൊണ്ട് അടിയേറ്റ മൈക്കല്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, കുത്തേറ്റ അഞ്ജല്‍ 17 ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഇത് വംശീയ ആക്രമണമല്ലെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് ശക്തമായി നിഷേധിക്കുന്നു.
ഈ സംഭവം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നേരിടുന്ന വിവേചനത്തിന്റെ ഗൗരവം വീണ്ടും ചര്‍ച്ചയാക്കുന്നു. രൂപഭേദം, ഭക്ഷണശീലം, ഭാഷ തുടങ്ങിയ കാരണങ്ങളാല്‍ വീടുവാടക നിഷേധിക്കപ്പെടുന്നതും പൊതുസ്ഥലങ്ങളില്‍ അധിക്ഷേപിക്കപ്പെടുന്നതും പതിവാണെന്ന് പലരും പറയുന്നു.
2014ല്‍ ഡല്‍ഹിയില്‍ അരുണാചല്‍ സ്വദേശിയായ നിഡോ താനിയ കൊല്ലപ്പെട്ട സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നുവെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പുണെ, ബെംഗളൂരു എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളും അതിന് ഉദാഹരണമാണ്.
വംശീയ അതിക്രമങ്ങളെക്കുറിച്ച് പ്രത്യേക കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. 'അതിക്രമം അതിരുകടക്കുമ്പോഴാണ് മാത്രം വിഷയം ശ്രദ്ധയില്‍പ്പെടുന്നത്' എന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ജല്‍ ചക്മയുടെ മരണത്തോടെ പ്രത്യേക വംശീയ വിരുദ്ധ നിയമം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. 2014ല്‍ രൂപീകരിച്ച സമിതിയുടെ ശുപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നതാണ് വിമര്‍ശനം.
'വംശീയത സാമൂഹിക പ്രശ്‌നമാണെങ്കിലും, നിയമപരമായ ഇടപെടല്‍ ഇരകള്‍ക്ക് ശക്തി നല്‍കും' എന്നാണ് വിദഗ്ധരുടെ നിലപാട്.
ത്രിപുരയില്‍ അഞ്ജലിന്റെ പിതാവ് തരുണ്‍ ചക്മ മകന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ്. പഠനം പൂര്‍ത്തിയാക്കാന്‍ ഡെറാഡൂണിലേക്ക് മടങ്ങേണ്ട മൈക്കലിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കുടുംബത്തെ വേട്ടയാടുന്നു.
'മക്കള്‍ക്ക് നല്ല ഭാവി ഉറപ്പാക്കാനായിരുന്നു അവരെ ദൂരെയയച്ചത്. പഠനം ഉപേക്ഷിക്കുന്നത് മറ്റൊരു നഷ്ടമാകുമോ എന്ന ഭയവുമുണ്ട്'-അദ്ദേഹം പറയുന്നു.
ഡെറാഡൂണിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: വടക്കുകിഴക്കന്‍ ജനത നേരിടുന്ന വംശീയത വീണ്ടും ചര്‍ച്ചയാകുന്നു
