ബംഗാളിൽ ബിജെപി നേടിയത് ചരിത്രവിജയം; മമതയുടെ കോട്ട തകർത്തത് അമിത് ഷായും അഞ്ചംഗ സംഘവും

ബംഗാളിൽ ബിജെപി നേടിയത് ചരിത്രവിജയം; മമതയുടെ കോട്ട തകർത്തത് അമിത് ഷായും അഞ്ചംഗ സംഘവും


കൊൽക്കത്ത: ദീർഘകാലമായി അപ്രാപ്യമെന്നു കരുതപ്പെട്ടിരുന്ന പശ്ചിമ ബംഗാളിൽ നിർണായക വിജയം നേടി ബിജെപി പുതിയ രാഷ്ട്രീയ അധ്യായം തുറന്നിരിക്കുകയാണ്. 294 അംഗ നിയമസഭയിൽ 200ത്തിലധികം സീറ്റുകൾ നേടിയാണ്, തുടർച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന മമതബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി  ബിജെപി അധികാരം പിടിച്ചെടുത്തത്.

ഈ രാഷ്ട്രീയ മാറ്റത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ്. തിരഞ്ഞെടുപ്പ് പ്രചാരണം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി, കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു അദ്ദേഹം. ഏകദേശം പതിനഞ്ച് ദിവസം ബംഗാളിൽ ക്യാമ്പ് ചെയ്ത ഷാ, പകൽ പൊതുയോഗങ്ങളിലൂടെയും റോഡ് ഷോകളിലൂടെയും പ്രവർത്തകരെ ആവേശത്തിലാക്കി; രാത്രികളിൽ നേതാക്കളുമായി യോഗം ചേർന്ന് അടുത്ത ദിവസത്തേക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

50ത്തിലധികം പൊതുയോഗങ്ങളിലൂടെ അദ്ദേഹം നേരിട്ട് വോട്ടർമാരെ സമീപിച്ചു. സർക്കാർ ജീവനക്കാർക്ക് ഏഴാം വേതന കമ്മീഷൻ നടപ്പാക്കുമെന്ന വാഗ്ദാനവും നിയമസമാധാനം ശക്തമാക്കുമെന്ന ഉറപ്പും ജനങ്ങളിൽ വ്യക്തമായ സന്ദേശം നൽകി. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി 110ത്തിലധികം സീറ്റുകൾ നേടുമെന്ന് നടത്തിയ പ്രഖ്യാപനം, മാറ്റം സാധ്യമാണെന്ന ധാരണ വോട്ടർമാരിൽ ശക്തമാക്കി.

എന്നാൽ ഈ വിജയം ഒരാൾക്കു മാത്രം അവകാശപ്പെട്ടതല്ല. അമിത് ഷായെ പിന്തുണച്ച് അഞ്ചംഗ പ്രധാന സംഘവും ശക്തമായി പ്രവർത്തിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രചാരണത്തിന്റെ മുഖ്യ തന്ത്രജ്ഞനായി പ്രവർത്തിച്ച് കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കി. മൊറ്റൊരു നേതാവായ ഭുപേന്ദർ യാദവ് ബൂത്ത് തലത്തിലേക്ക് പ്രവർത്തകരെ സജ്ജമാക്കിയും സംഘടനാ ശക്തി വർധിപ്പിച്ചും ശ്രദ്ധേയമായി.

സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കിയത് സുനിൽ ബൻസാൽ ആണ്. 'പന്ന പ്രമുഖ് ' മാതൃകയിലൂടെ പ്രവർത്തകരുടെ ശക്തമായ ശൃംഖല സൃഷ്ടിച്ചു. ബിപ്ലവ് ദേബ്  തന്റെ പ്രചാരണ ശൈലിയിലൂടെ പ്രവർത്തകരിൽ പുതുജീവൻ നിറച്ചപ്പോൾ, സോഷ്യൽ മീഡിയയിലൂടെ ആശയ പോരാട്ടം നയിച്ചത് അമിത് മാളവ്യ ആയിരുന്നു.

ഈ കൂട്ടായ പരിശ്രമവും കൃത്യമായ തന്ത്രവും ചേർന്നാണ് ബംഗാളിൽ ബിജെപി അപൂർവ വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലത്തെ അതിലുപരി, സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സൂചനയായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.