ന്യൂഡല്‍ഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും വിശ്വാസ്യതയുള്ളതും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുന്നതിന് ഇന്‍ഫോസിസ് സഹസ്ഥാപകനും സാങ്കേതികവിദഗ്ധനുമായ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.
ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ തപന്‍ ദേക്ക, ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി, വിദ്യാഭ്യാസ മുന്‍ സെക്രട്ടറി അനിത കാര്‍വാള്‍, ലോജിസ്റ്റിക്സ് വിദഗ്ധന്‍ അമൃത് ലാല്‍ മീണ എന്നിവരും ടാസ്‌ക് ഫോഴ്സില്‍ അംഗങ്ങളാണ്.
പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും വിശ്വാസ്യതയുള്ളതും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതുമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള ശുപാര്‍ശകളാണ് ടാസ്‌ക് ഫോഴ്സ് സര്‍ക്കാരിന് സമര്‍പ്പിക്കുക.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസുകളിലെ പ്രതികള്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയില്‍ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കുന്ന പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍, 2026 ലോക്സഭയില്‍ തിങ്കളാഴ്ച അവതരിപ്പിക്കും. പരീക്ഷാ തട്ടിപ്പുകള്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ, നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണവും വിചാരണയും, പ്രത്യേക ഫാസ്റ്റ്- ട്രാക്ക് കോടതികളുടെ രൂപീകരണം എന്നിവയാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
സംഘടിത പരീക്ഷാ തട്ടിപ്പുകള്‍ തടയുക, ഉത്തരവാദിത്തം ഉറപ്പാക്കുക, രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നിവയാണ് പുതിയ ഭേദഗതി ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
