ന്യൂഡൽഹി: എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച് അദ്ദേഹം അടിയന്തരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, ഇന്ത്യയിൽ ജനാധിപത്യം തകർക്കപ്പെടുന്നത് കണ്ടുകൊണ്ട് കോൺഗ്രസ് നിശബ്ദമായിരിക്കില്ലെന്നും വ്യക്തമാക്കി. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്.
വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വെട്ടിനിരത്തൽ നടത്തിയെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാറിനെതിരേ ഇംപീച്ച്മെന്റ് അടക്കമുള്ള കടുത്ത നീക്കവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ കടുത്ത ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും കോക്രോച്ച് ജനതാ പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ജനങ്ങൾ രേഖപ്പെടുത്തിയ വോട്ടുകൾ തകർക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചനയാണ് നടന്നതെന്നും അതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുൻകൈയെടുത്തെന്നും ആരോപിച്ച രാഹുൽ, ഇരുവരുടെയും പ്രവൃത്തികളെക്കുറിച്ച് ഭാവിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. രാജ്യത്തോടും ഇന്ത്യൻ ഭരണഘടനയോടും നിയമസംവിധാനങ്ങളോടും ചെയ്ത വലിയൊരു വഞ്ചനയാണിത്. ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളുടെ വോട്ട് സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു ഭരണഘടനാ സ്ഥാപന തലവൻ തന്നെ ഇത്തരം നടപടികൾക്ക് കൂട്ടുനിൽക്കുന്നത് രാജ്യത്തിനെതിരായ നീക്കമാണ്.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. താൻ ഉന്നയിച്ച വോട്ട് ചോരിയും വിരൽ ചൂണ്ടിയത് അക്കാര്യം തന്നെ. വോട്ട് ചോരി മാത്രമല്ല കാനൂൻ ചോരിയും നടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ല. ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല, വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
‘ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ നേടുമെന്നും അടുത്ത 30 വർഷത്തേക്ക് എൻഡിഎ ഭരണത്തിൽ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയനേതാവിനും ജനാധിപത്യത്തെക്കുറിച്ച് ഇത്തരത്തിൽ ആത്മവിശ്വാസത്തോടെ പറയാനാവില്ല. കാരണം, ജനാധിപത്യത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലാതാവില്ല’
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നത്? ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.
വോട്ട് നമ്മുടെ രാജ്യത്തിന്റെ അടിത്തറയാണ്, അതാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത് വോട്ടിനുനേരെയുള്ള ആക്രമണം മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വോട്ട് നശിപ്പിക്കപ്പെട്ടാല്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നില്ല എന്നാണര്‍ത്ഥം. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നെന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പുണ്ട്.
വോട്ട് തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ ഭരണഘടനയും തകര്‍ക്കപ്പെട്ടു. അതിന് ഇനി ശക്തിയില്ല, അത് പ്രവര്‍ത്തിക്കുന്നില്ല. വോട്ട് സംരക്ഷിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്നും, താന്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലെന്നും തെളിവുകളോടെയാണ് ഇത് കാണിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഗ്യാനേഷ് കുമാറിനെതിരെ മുന്‍പും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അന്നത് അവഗണിക്കപ്പെടുകയായിരുന്നുവെന്നും ആരോപിച്ചു.
ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലാതെയാകും. മോദി, അദാനി മുതല്‍ ഗ്യാനേഷ് കുമാര്‍ വരെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇവര്‍ ജനങ്ങളുടെ വോട്ട് മോഷ്ടിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചോയ്‌സ് ആയിരുന്നു. നമ്മുടെ വോട്ടിംഗ് സമ്പ്രദായം തകർത്തതിന്റെ പൂർണ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്ടിക്കുന്നവർ നടത്തുന്ന നിയമനിർമ്മാണം പൂർണമായും നിയമവിരുദ്ധമാണ്. അടുത്ത 5-6 മാസത്തിനിടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വാർത്താസമ്മേളനത്തെ "നനഞ്ഞ പടക്കം" എന്ന് വിശേഷിപ്പിച്ച് ബിജെപി തിരിച്ചടിച്ചു. ജനാധിപത്യപരമായി ജനപിന്തുണ നേടാൻ കഴിയാത്ത നിരാശനായ നേതാവാണ് രാഹുലെന്ന് ബിജെപി വിമർശിച്ചു. കോൺഗ്രസ് നിരാശയിലാണ്, കാരണം ഗാന്ധി-വാദ്ര കുടുംബത്തെ ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യപരമായി പ്രതിപക്ഷത്ത് ഇരുത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
'ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല': രാഹുൽ ഗാന്ധി
