'ആ പേര് കേട്ടതിനുശേഷം ടാക്‌സി കൂലി പോലും വാങ്ങിയില്ല'; രാജ് കപൂറിന്റെ ആഗോള ജനപ്രീതി തിരിച്ചറിഞ്ഞ അനുഭവം പങ്കുവെച്ച് നിഖിൽ നന്ദ

'ആ പേര് കേട്ടതിനുശേഷം ടാക്‌സി കൂലി പോലും വാങ്ങിയില്ല'; രാജ് കപൂറിന്റെ ആഗോള ജനപ്രീതി തിരിച്ചറിഞ്ഞ അനുഭവം പങ്കുവെച്ച് നിഖിൽ നന്ദ


മുംബൈ: ഇന്ത്യൻ വ്യവസായലോകത്തെ പ്രമുഖനായ നിഖിൽ നന്ദയ്ക്ക്, വ്യവസായി എന്നതിനു പുറമെ സവിശേഷമായ മറ്റൊരു കുടുംബ പാരമ്പര്യം കൂടിയുണ്ട്. ഇതിഹാസ ചലച്ചിത്രകാരൻ രാജ് കപൂറിന്റെ കൊച്ചുമകനും അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ ഭർത്താവും കൂടിയാണ് നിഖിൽ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മുത്തച്ഛനായ രാജ് കപൂറുമായുള്ള തന്റെ ആത്മബന്ധവും ജീവിതത്തിൽ ഇന്നും വഴികാട്ടുന്ന ഒരു പാഠവും നിഖിൽ നന്ദ പങ്കുവെച്ചിരുന്നു.

കുട്ടിക്കാലത്ത് രാജ് കപൂറിന്റെ പ്രശസ്തിയുടെ വ്യാപ്തി തനിക്ക് മനസ്സിലായിരുന്നില്ലെന്ന് നിഖിൽ പറഞ്ഞു. വേനലവധിക്കാലങ്ങളിൽ അമ്മയ്‌ക്കൊപ്പം മുംബൈയിൽ എത്തമ്പോൾ രാജ് കപൂർ തനിക്ക് ഒരു സാധാരണ മുത്തച്ഛൻ മാത്രമായിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും കുട്ടികളെ പുറത്തേക്ക് കൊണ്ടപോകുകയും ചെയ്യുന്ന സ്‌നേഹനിധിയായ ഒരാളായി മാത്രമാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും നിഖിൽ ഓർത്തെടുത്തു.

എന്നാൽ രാജ് കപൂറിന്റെ ആഗോള സ്വാധീനം യഥാർത്ഥത്തിൽ മനസ്സിലാക്കിയത് അമേരിക്കയിലെ പെൻസിൽവേനിയ സർവകലാശാലയിൽ പഠിക്കുന്ന കാലത്താണെന്ന് നിഖിൽ പറയുന്നു. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ഒരിക്കൽ ടാക്‌സിക്കായി ഏറെ നേരം കാത്തുനിന്ന ശേഷം ലഭിച്ച വാഹനത്തിൽ കയറിയപ്പോൾ രാജ് കപൂറിന്റെ ഗാനങ്ങളാണ് കേട്ടത്. ടാക്‌സി ഡ്രൈവർ റഷ്യക്കാരനായിരുന്നു. രാജ് കപൂർ തന്റെ മുത്തച്ഛനാണെന്ന് പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിശ്വസിച്ചില്ല. പിന്നീട് കൈവശമുണ്ടായിരുന്ന കുടുംബചിത്രം കാണിച്ചപ്പോൾ ഡ്രൈവർ അമ്പരന്ന് വാഹനം നിർത്തി. യാത്ര അവസാനിച്ചപ്പോൾ ടാക്‌സി കൂലി പോലും വാങ്ങാതെയാണ് അദ്ദേഹം മടങ്ങിയതെന്ന് നിഖിൽ പറഞ്ഞു. അന്നാണ് രാജ് കപൂർ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളിൽ എത്രമാത്രം ഇടം നേടിയിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ് കപൂറിൽ നിന്ന് ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശവും നിഖിൽ പങ്കുവെച്ചു. 12 വയസ്സുള്ളപ്പോൾ 'ഒരു കൊച്ചുമകനെന്ന നിലയിൽ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്' എന്ന് ചോദിച്ചപ്പോൾ രാജ് കപൂർ നൽകിയ മറുപടി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

'ജീവിതാവസാനത്തിൽ നീ ഒരു ആഡംബര കാറിൽ നിന്നല്ല, ഒരു സാധാരണ ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയാലും ആളുകൾ നിന്നെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അതാണ് നീ സമ്പാദിച്ച യഥാർഥ സമ്പത്തും പ്രശസ്തിയും,' എന്നായിരുന്നു രാജ് കപൂറിന്റെ വാക്കുകൾ. പണത്തേക്കാളും മനുഷ്യരിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിനും സ്‌നേഹത്തിനുമാണ് കൂടുതൽ വിലയെന്ന് പഠിപ്പിച്ച ആ ഉപദേശം ജീവിതത്തെ കാണുന്ന തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് നിഖിൽ വ്യക്തമാക്കി.

നവ്യ നവേലി നന്ദയുടെയും നടൻ അഗസ്ത്യ നന്ദയുടെയും പിതാവായ നിഖിൽ നന്ദ, രാജ് കപൂറിന്റെ ആ വാക്കുകൾ ഇന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളിലൊന്നായി തുടരുകയാണെന്നും പറഞ്ഞു.