തേജസ് എൻജിൻ വൈകി: ജിഇ ഏറോസ്‌പേസിന് പിഴ ചുമത്തി എച്ച്എഎൽ

തേജസ് എൻജിൻ വൈകി: ജിഇ ഏറോസ്‌പേസിന് പിഴ ചുമത്തി എച്ച്എഎൽ


ന്യൂഡൽഹി: തേജസ് എംകെ1എ യുദ്ധവിമാനങ്ങൾക്ക് വേണ്ട എൻജിൻ വിതരണത്തിൽ വൈകിയതിനെ തുടർന്ന് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) അമേരിക്കൻ കമ്പനി ജിഇ ഏറോസ്‌പേസിനെതിരെ പിഴ ചുമത്തി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഉഗ ടൗിശഹയാണ് ഇത് സ്ഥിരീകരിച്ചത്.

2021ൽ ഒപ്പുവെച്ച കരാർ പ്രകാരം 99 എഫ്404ഐഎൻ20 എൻജിനുകൾ വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ആറ് എൻജിനുകൾ മാത്രമാണ് ജിഇ നൽകിയത്. ഓരോ വീഴ്ചയ്ക്കും പിഴ ചുമത്തുന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയതിനാൽ അത് നടപ്പാക്കുകയാണെന്ന് എച്ച്എഎൽ വ്യക്തമാക്കി.

അതേസമയം ഇന്ത്യൻ വ്യോമസേനയുടെ എൽസിഎ എംകെ1 വിമാനങ്ങൾ രണ്ട് മാസത്തോളം നിലത്തിറക്കിയതിനുശേഷമാണ് വീണ്ടും സർവീസിലേക്ക് മടങ്ങുന്നത്. ബ്രേക്ക് സിസ്റ്റത്തിലെ സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ചതിനെ തുടർന്ന് അടുത്ത ആഴ്ച വിമാനങ്ങൾ പറക്കും.

83 തേജസ് എംകെ1എ വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാർ നൽകിയിരുന്നുവെങ്കിലും എൻജിൻ ലഭ്യതക്കുറവ് കാരണം പദ്ധതി വൈകുകയാണ്. 2024 മാർച്ചിൽ തന്നെ ആദ്യ വിമാനം കൈമാറേണ്ടതായിരുന്നുവെങ്കിലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല.

ഈ വർഷാവസാനത്തോടെ 20 എൻജിനുകൾ കൂടി നൽകാമെന്ന് ജിഇ ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 20 വിമാനങ്ങൾ നിർമ്മാണം പൂർത്തിയാക്കിയ നിലയിലുണ്ട്. പരീക്ഷണങ്ങളും സാങ്കേതിക അപ്‌ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം വിതരണം ആരംഭിക്കുമെന്ന് എച്ച്എഎൽ അറിയിച്ചു.

2027 മുതൽ വർഷത്തിൽ 20ൽ കൂടുതൽ എൻജിനുകൾ നൽകാനാണ് ജിഇയുടെ പദ്ധതി. എച്ച്എഎലിന് വർഷത്തിൽ 24 വിമാനങ്ങൾ നിർമ്മിക്കാൻ ശേഷിയുണ്ട്. എന്നാൽ പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാണെന്ന ആശങ്കയിലാണ് ഇന്ത്യൻ വ്യോമസേന.

കഴിഞ്ഞ വർഷം നവംബറിൽ തേജസ് വിമാനാപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടതും മറ്റൊരു അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടതും പദ്ധതിയെ ചുറ്റിപ്പറ്റിയ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.