'എച്ച് 1 ബി വിസ തട്ടിപ്പിന്റെ തലസ്ഥാനം ചെന്നൈ': വ്യാപക അഴിമതി ആരോപിച്ച് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ

'എച്ച് 1 ബി വിസ തട്ടിപ്പിന്റെ തലസ്ഥാനം ചെന്നൈ': വ്യാപക അഴിമതി ആരോപിച്ച് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ


എച്ച് 1 ബി വിസ പദ്ധതിയില്‍ വ്യാപകമായ തട്ടിപ്പുകളും ക്രമക്കേടുകളും നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ രംഗത്ത്. 
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ഓഫീസില്‍ സേവനമനുഷ്ഠിച്ച മഹ്വാഷ് സിദ്ദീഖിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുതിയ എച്ച് 1 ബി വിസകള്‍ അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ച് സമഗ്ര പരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ നേരിട്ട് സാക്ഷിയായ വന്‍തോതിലുള്ള തട്ടിപ്പുകളാണ് ഈ ആവശ്യമുന്നയിക്കാന്‍ കാരണമെന്നാണ് സിദ്ദീഖി വ്യക്തമാക്കുന്നത്.

സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസിനായി എഴുതിയ ലേഖനത്തില്‍, ഹൈദരാബാദിലെ ആമീര്‍പേട്ട് മേഖലയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, കൃത്രിമ ബാങ്ക് രേഖകള്‍, വ്യാജ വിവാഹ-ജനന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പരസ്യമായി വില്‍ക്കപ്പെടുന്നതായി സിദ്ദീഖി ചൂണ്ടിക്കാട്ടുന്നു. എച്ച് 1 ബി വിസ നേടുന്നതിനായി ഇത്തരം രേഖകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഉദ്യോഗസ്ഥരുടെ കൈക്കൂലിയും ('റിഷ്വത്') തട്ടിപ്പിനെ നിസ്സാരവത്കരിക്കുന്ന ഒരു സംസ്‌കാരവും ചേര്‍ന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്നും അവര്‍ പറയുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം അവകാശപ്പെടുന്ന പലര്‍ക്കും അടിസ്ഥാന പ്രോഗ്രാമിംഗ് അറിവുപോലും ഇല്ലായിരുന്നുവെന്നും ലളിതമായ കോഡിങ് പരീക്ഷണങ്ങള്‍ക്കിടെ അത് വ്യക്തമായിരുന്നുവെന്നും സിദ്ദീഖി വെളിപ്പെടുത്തി. ഇന്ത്യയിലെയും അമേരിക്കയിലെയും അഴിമതിയിലായ എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ വ്യാജ തൊഴില്‍ രേഖകള്‍ നിര്‍മ്മിച്ച് അയോഗ്യരെ നിയമന നടപടികളിലൂടെ കടത്തിവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ അപേക്ഷകര്‍ക്ക് അനുകൂലമായ 'ഹാലോ എഫക്റ്റും' അമേരിക്കയിലെ ചില ഇന്ത്യന്‍ മാനേജര്‍മാര്‍ സൃഷ്ടിച്ച അടച്ചുപൂട്ടിയ നിയമന ശൃംഖലകളും അമേരിക്കന്‍ ഉദ്യോഗാര്‍ത്ഥികളെ പുറന്തള്ളിയെന്നും അവര്‍ ആരോപിക്കുന്നു.

യോഗ്യതയുള്ള അമേരിക്കന്‍ ഐടി, STEM ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാതെ പോകുകയോ, കുറഞ്ഞ ശമ്പളത്തില്‍ സ്വന്തം സ്ഥാനത്ത് എത്തിയ എച്ച് 1 ബി തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2005-2007 കാലഘട്ടത്തില്‍ ചെന്നൈ കോണ്‍സുലേറ്റ് വര്‍ഷംതോറും ഏകദേശം ഒരു ലക്ഷം എച്ച് 1 ബി വിസകള്‍ പരിഗണിച്ചിരുന്നുവെങ്കില്‍, ഇന്ന് അത് നാലുലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ടെന്നും സിദ്ദീഖി ചൂണ്ടിക്കാട്ടുന്നു.

എല്ലാ രാജ്യങ്ങളിലെയും കഴിവുള്ള തൊഴിലാളികള്‍ക്കായി രൂപകല്‍പന ചെയ്ത എച്ച് 1 ബി പദ്ധതി ഇന്ന് ഒരു രാജ്യത്തിന്റെ അധീനതയിലായ അനൗപചാരിക കുടിയേറ്റ വഴിയായി മാറിയെന്നും, ഇന്ത്യന്‍ ലോബികളും സിലിക്കണ്‍ വാലിയും ചേര്‍ന്ന് അമേരിക്കന്‍ തൊഴിലാളികളെ കുറിച്ച് കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ചതായും സിദ്ദീഖി ആരോപിക്കുന്നു.

പ്രശ്‌നപരിഹാരത്തിനായി എച്ച് 1 ബി വിസ അനുവദിക്കലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, വിദ്യാഭ്യാസതൊഴില്‍ രേഖകളുടെ കര്‍ശന പരിശോധന, ലഭ്യമായ മേഖലകളില്‍ അമേരിക്കന്‍ STEM ബിരുദധാരികള്‍ക്ക് മുന്‍ഗണന, ബന്ധുനിയമനങ്ങള്‍ നിരോധിക്കല്‍, തട്ടിപ്പുകള്‍ക്ക് കര്‍ശന ശിക്ഷ, സൈറ്റ് ഇന്‍സ്‌പെക്ഷനുകള്‍ വ്യാപകമാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

എച്ച് 1 ബി വിസ സംവിധാനത്തിലെ ഗുരുതര വീഴ്ചകളിലേക്കാണ് സിദ്ദീഖിയുടെ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്; ഇത് അമേരിക്കന്‍ തൊഴില്‍ വിപണിയെയും കുടിയേറ്റ നയങ്ങളെയും കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.