ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയില് പ്രതിഷേധം വീണ്ടും ശക്തമാക്കാന് ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാര് രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള് വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില് രാഹുല് ഗാന്ധി ആവര്ത്തിച്ചു. അതിനിടെ, പ്രതിഷേധങ്ങള്ക്കെതിരായ പൊലീസ് നടപടിയില് ഇന്ത്യയെ അതൃപ്തി അറിയിക്കാന് ആറ് യുഎസ് കോണ്ഗ്രസ് അംഗങ്ങള്, സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയക്ക് കത്തെഴുതി.
ദസറക്ക് ഇടവേള നല്കിയ പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. അടുത്ത ശനിയാഴ്ചയോടെ ഡൽഹിയിലെത്താനുള്ള നിര്ദ്ദേശം എംപിമാര്ക്ക് നല്കും. ഏറ്റെവുമൊടുവില് സുപ്രീംകോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില് കൂടുതല് പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്ക്ക് പുറമെ സംസ്ഥാനങ്ങളില് നിന്നും നേതാക്കളെയും പ്രവര്ത്തകരെയും ഡൽഹിയിലെത്തിക്കും. നവംബര് ഒന്നിന് രാംലീല മൈതാനിയില് നടത്താന് നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള് ശക്തമാക്കാനാണ് നീക്കം. 27ന് ഡൽഹിയില് സിപിഐ മനുഷ്യ ചങ്ങലയും തീര്ക്കും. 1ന് രാംലീലാ മൈതാനത്ത് വൻ സമ്മേളനം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
ഇതിനിടെ പോലീസ് മര്ദ്ദനത്തില് പരിക്കേറ്റ വിദ്യാര്ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല് ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചു. പോലീസ് അതിക്രമം വരുന്ന പാര്ലമെന്റ് സമ്മേളനത്തിലടക്കം രാഹുല് ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില് വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില് തുടരാനുള്ള ധാര്മ്മികതയില്ലെന്നും രാഹുല് ഗാന്ധി പോഡ് കാസ്റ്റില് പറഞ്ഞു.
അതേസമയം, എസ്ഐആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഡിഎംകെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് സിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. സിജെപിക്ക് പിന്തുണ നൽകുന്ന ഡിഎംകെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും തീരുമാനിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്ഐആർ റദ്ദാക്കുക, ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഇന്ന് ചേർന്ന ഡിഎംകെ യോഗം പ്രമേയത്തിലൂടെ ഉന്നയിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിൽ കോൺഗ്രസും ഭരണകക്ഷിയായ ടിവികെയും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി: പ്രക്ഷോഭം വീണ്ടും സജീവമാക്കാൻ ഇന്ത്യ സഖ്യം, വിശദീകരിച്ച് രാഹുൽ ഗാന്ധി
