പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു, നിരവധി പേർ കസ്റ്റഡിയിൽ

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു, നിരവധി പേർ കസ്റ്റഡിയിൽ


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എഎസ്എപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ സിറ്റിസണ്‍ മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ ഉള്‍പ്പെടെ ഐസ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബസിന്റെ ചില്ല് തകര്‍ത്ത് നിരവധി പ്രവര്‍ത്തകര്‍ പുറത്തുകടന്നു. നേരത്തെ എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വൈകീട്ട് അഞ്ചരയോടെ ജന്തർ മന്തറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്. അതിനിടെ പോലീസ് ബസിന്റെ ഒരുവശത്തെ ചില്ല് തകർത്ത് കസ്റ്റഡിയിലായിരുന്ന ചില പ്രതിഷേധക്കാർ പുറത്തിറങ്ങി. പോലീസ് തന്നെ ഫുട്‌ബോൾ പോലെ എടുത്തെറിഞ്ഞുവെന്ന് കസ്റ്റഡിയിലായ ആം ആദ്മി പാർട്ടി ഡൽഹി പ്രസിഡന്റ് സൗരഭ് ഭാരദ്വാജ് ആരോപിച്ചു. സൗരഭിനെ കസ്റ്റഡിയിലെടുത്ത രീതി ഞെട്ടിക്കുന്നതാണെന്നും മോദി ഹിറ്റ്‌ലറെ കടത്തിവെട്ടിയെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

അതിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് എന്ന് ആരോപിച്ച് ഐസ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കസ്റ്റഡി നിയമവിരുദ്ധമാണെന്നാണ് ഐസ പ്രവര്‍ത്തകരുടെ ആരോപണം.ഈ കാറിൽ വനിതാ പോലീസ് ഇല്ലായിരുന്നുവെന്നും ഐസ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ ആരാണെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും ഐസ പറഞ്ഞു. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതിഷേധക്കാർ ഷാങ്ഗ്രി-ലാ റൗണ്ട്എബൗട്ടിലേക്ക് നീങ്ങി. പോലീസ് ബസിനെ പിന്തുടർന്ന പ്രതിഷേധക്കാർ ബസ് തടയുകയും ഉള്ളിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും പുറത്തിറക്കുകയും ചെയ്തു. കസ്റ്റ‍ഡിയിലെടുത്ത നേഹ ബോറയെ രാത്രിയോടെ വിട്ടയച്ചു.  

അതേസമയം വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ ലൈംഗികാതിക്രമത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായിരുന്നു. ഐസയും തങ്ങളുടെ മാർച്ചിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് ഡൽഹി പോലീസ് അറിയിച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർമാരുമാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. സൗരവ് ദാസിന്റെ നേതൃത്വത്തിൽ സിജെപി പ്രവർത്തകരും രം​ഗത്തെത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

അതിനിടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഡൽഹിയിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.