തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ വിയോജിപ്പ് മുൻ നിർത്തി മുൻ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തൊടുത്തുവിട്ട അമ്പിൽ കുടുങ്ങിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ശരശയ്യയിൽ ജിജി തോംസൺ തൊടുത്തുവിട്ട വജ്രായുധത്തിൽ ആകെ പെട്ടിരിക്കുകയാണ് ബിജെപിയും കേന്ദ്ര സർക്കാരും. പഴതുപോലെ ഗ്യാനേഷ് കുമാറിനെ ന്യായീകരിക്കാൻ ബിജെപി മെനെക്കെടുന്നുമില്ല. ഗ്യാനേഷിനെ വിട്ടുകളഞ്ഞാൽ എന്തുചെയ്യണമെന്ന് പാർട്ടി നേതാക്കൾക്ക് വലിയ പിടിയുമില്ല.
എന്നുകരുതി ഗ്യാനേഷ് കുമാറിനെ കുരുതികൊടുത്ത് കേന്ദ്രത്തിന് തലയൂരാനുമാകില്ല. അതിനു പറ്റിയ പ്രയോഗങ്ങളാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസണും കൊടുത്തിട്ടുള്ളത്. നിലവിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ മുൻ നിർത്തി മുൻ സിഇസിമാർ ഉന്നയിച്ച ആക്ഷേപം ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടതാണ് ഇതിൽ പ്രധാനം. ഇതിനെ എതിർക്കാൻ കമ്മിഷന്റേതായി പുറത്തുവന്ന ഔദ്യോഗിക പ്രസ്താവന നിലവിലുണ്ടെങ്കിലും ആരോപണം ഉന്നയിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇതുവരെ അത് നിഷേധിച്ച് രംഗത്തെത്തിയിട്ടില്ലെന്നതാണ് പ്രധാനം. ബാക്കി ഞങ്ങളെല്ലാം ഒരു ശബ്ദവും ഒരു ശരീരവുമാണെന്ന് ആവർത്തിച്ചിട്ട് കാര്യമില്ലല്ലോ.
അതിനിടയിൽ ജിജി തോംസൺ കൊടുത്ത രണ്ടാമത്തെ അടിയും പ്രധാനം തന്നെയാണ്. ഏത് ആരോപണവിധേയനും ബിജെപിയുടെ തണലിലേക്ക് കയറിയാൽ കേന്ദ്രമന്ത്രി പദമോ, ആയുഷ്കാല ക്രിമിനൽ കുറ്റ സംരക്ഷണമോ ലഭിക്കുമെന്ന പൊതു അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ആ പ്രസ്താവന. അങ്ങനെ സാധൂകരിക്കപ്പെട്ട നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുമുണ്ട്. അതുകൊണ്ടുതന്നെ ജിജി തോംസൺ തൊടുത്തുവിട്ട അസ്ത്രത്തിൽ ആകെ പകച്ചിരിക്കുകയാണ് ബിജെപിയും കേന്ദ്രവും. എന്നാൽ, ഒറ്റപ്പെട്ട രീതിയിൽ ന്യായീകരണ ശ്രമവും ബിജെപി നടത്തുന്നുണ്ട്.
മുൻപ് പുറത്തുവന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നത്തെ വാർത്താക്കുറിപ്പിലും പൂർണ്ണമായി തള്ളിക്കളയാൻ കമ്മീഷനായിട്ടില്ലെന്ന് കോൺഗ്രസ് പാർട്ടി പറഞ്ഞു. കമ്മീഷന്റെ വിശദീകരണം കൂടുതൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നതാണെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്നും എഐസിസി മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഗോവയിൽ ക്രമക്കേട് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ഒഴിവാക്കപ്പെട്ട 97 വോട്ടർമാരെ തിരികെ പട്ടികയിൽ ചേർത്തതെന്ന് വാർത്താക്കുറിപ്പിലൂടെ വ്യക്തമായതായി കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലും പരാതി നൽകാനുള്ള തീയതി നീട്ടിനൽകിയ കമ്മീഷൻ എന്തുകൊണ്ട് കർണാടകയിലും തെലങ്കാനയിലും സമാനമായ നടപടി സ്വീകരിച്ചില്ലെന്ന് ജയ്റാം രമേശ് ചോദിച്ചു. ബംഗാളിലും ബീഹാറിലും വോട്ടവകാശം നഷ്ടപ്പെട്ടവരോട് മറുപടി പറയാൻ കമ്മീഷൻ തയ്യാറാകണമെന്നും എസ്ഐആർ നടപടികൾ ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മീഷന്റെ വിശദീകരണം കൂടുതൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നതാണെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഗോവയിൽ ക്രമക്കേട് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ഒഴിവാക്കപ്പെട്ട 97 വോട്ടർമാരെ തിരികെ പട്ടികയിൽ ചേർത്തതെന്ന് വാർത്താക്കുറിപ്പിലൂടെ വ്യക്തമായതായി കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലും പരാതി നൽകാനുള്ള തീയതി നീട്ടിനൽകിയ കമ്മീഷൻ എന്തുകൊണ്ട് കർണാടകയിലും തെലങ്കാനയിലും സമാനമായ നടപടി സ്വീകരിച്ചില്ലെന്ന് ജയ്റാം രമേശ് ചോദിച്ചു. ബംഗാളിലും ബീഹാറിലും വോട്ടവകാശം നഷ്ടപ്പെട്ടവരോട് മറുപടി പറയാൻ കമ്മീഷൻ തയ്യാറാകണമെന്നും എസ് ഐ ആർ നടപടികൾ ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിച്ച വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിപ്രവർത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. കേരളത്തിലടക്കം ബിജെപിയല്ല കോൺഗ്രസാണ് വിജയിച്ചതെന്നും, പല സംസ്ഥാനങ്ങളിലും പാർട്ടി തുടച്ചുനീക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി സ്വയം ചിന്തിക്കണമെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാർ ഏകാധിപത്യ പ്രവണതയോടെ അധികാര ദുർവിനിയോഗം നടത്തിയതിനാൽ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ഇത്തരത്തിൽ മാനഭംഗപ്പെടുത്താൻ പാടില്ലായിരുന്നു. രാജ്യത്ത് എങ്ങനെയാണ് ബിജെപി ഭരണം കൈപ്പിടിയിൽ ഒതുക്കിയതെന്ന് ഇപ്പോൾ വ്യക്തമാകുകയാണെന്നും ബേബി പറഞ്ഞു. അതേസമയം ജിജി തോംസണിൻ്റെ വെളിപ്പെടുത്തലോട് കൂടി ഗ്യാനേഷ് കുമാറിൻ്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഭരണം കയ്യാളുന്ന വർഗീയ കക്ഷിക്ക് വേണ്ടി ഏതറ്റംവരെയും തരംതാഴാൻ തയ്യാറാകുന്ന ഒരാളാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സ്ഥിതിവിശേഷം ജനാധിപത്യത്തിൻ്റെ നെഞ്ചിലേൽക്കുന്ന മുറിവാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ജിജി തോംസണിൻ്റെ വെളിപ്പെടുത്തല്‍
2016ൽ ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു ഗ്യാനേഷ് തന്നോട് ആശയവിനിമയം നടത്തിയതെന്നാണ് ജിജി തോംസണ്‍ പറയുന്നത്. ഈ നിർദ്ദേശം മുന്നോട്ട് വെയ്ക്കുമ്പോൾ ഗ്യാനേഷ് കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാൽ ബിജെപിയിലേക്ക് ചേരണമെന്നായിരുന്നു ഗ്യാനേഷ്‌കുമാറിൻ്റെ നിർദേശം. എന്നാൽ ഇക്കാര്യം അപ്പോൾ തന്നെ നിരസിച്ചുവെന്നും ജിജി തോംസൺ പറയുന്നു.
ജിജി തോംസണിൻ്റെ വാക്കുകൾ ഇങ്ങനെ: ''സർവീസിലിരിക്കെ നല്ല സൗഹൃദത്തിലായിരുന്നു ഞങ്ങൾ. വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് ഞാൻ മറുപടി നൽകിയത്. അദ്ദേഹം പറഞ്ഞത് 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക. എന്നിട്ട് എംപിയാവുക, മന്ത്രിയാവുക, അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. 2016-ലായിരുന്നു അത്. വിമാനയാത്രയ്ക്കിടെയാണ് ഈ സംസാരമുണ്ടായത്. ഞാൻ അപ്പോൾതന്നെ അത് നിഷേധിച്ചു. അന്ന് അദ്ദേഹം കേന്ദ്രസർവീസിലുണ്ടായിരുന്നു.''
ഭരണഘടനാ സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്ന ഗ്യാനേഷ് കുമാറിനുണ്ടായിരുന്ന രാഷ്ട്രീയ ആഭിമുഖ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനകംതന്നെ രംഗത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ ജെൻസികളുടെ കൂട്ടായ്മയായ സിജെപിയും അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സമഗ്രമായ 'സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (SIR), വോട്ടർ രജിസ്ട്രേഷനുള്ള 'ഫോം 6' എന്നിവയിൽ വരുത്തിയ മാറ്റങ്ങൾ മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പ് അവഗണിച്ച് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി നടപ്പാക്കി എന്നാണ് പ്രധാന ആരോപണം. ഇരുവരും 14 തവണയെങ്കിലും ഇതിനെതിരെ രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വോട്ടർപട്ടിക പരിഷ്‌കരണ പ്രക്രിയയിലൂടെ രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോപിക്കപ്പെടുന്നു.
ഗ്യാനേഷ് കുമാർ ബിജെപി ദൂതനെന്ന് ബിനോയ് വിശ്വം
സുപ്രധാന പദവി വഹിക്കുന്ന ഐഎഎസ് ഓഫീസർ ആയിരിക്കെ കേരളത്തിലെ ചീഫ് സെക്രട്ടറി ആയിരുന്ന ഒരാളോട് ബിജെപിയിൽ ചേർന്നാൽ മന്ത്രി ആക്കാം എന്ന് പറയുകയാണ് ഗ്യാനേഷ് കുമാർ ചെയ്തത്. ഭരണം കയ്യാളുന്ന വർഗീയ കക്ഷിക്ക് വേണ്ടി ഏതറ്റംവരെയും തരംതാഴാൻ തയ്യാറാകുന്ന ഒരാളാണ് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സ്ഥിതിവിശേഷം ജനാധിപത്യത്തിൻ്റെ നെഞ്ചിലേൽക്കുന്ന മുറിവാണ്.
ബിജെപിക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ ചാക്കിട്ടു പിടിക്കാൻ ശ്രമിച്ച ഇതേ ഗ്യാനേഷ് കുമാർ കുംഭകോണത്തിന് പേരുകേട്ട അയോധ്യ ട്രസ്റ്റിൻ്റെ ചുമതലക്കാരനായി. അമിത് ഷാക്കുവേണ്ടി സഹകരണ ജനാധിപത്യത്തിൻ്റെ കഴുത്തറക്കാൻ ബിജെപി നിയോഗിച്ചത് വിശ്വസ്തനായ ഈ സേവകനെ തന്നെയാണ്. അവിടെയെല്ലാം ഇന്ത്യൻ ഫാസിസത്തിൻ്റെ പ്രതിരൂപങ്ങളായ മോദിക്കും അമിത്ഷായ്ക്കും വേണ്ടി നടത്തിയ ഉപജാപങ്ങളുടെ സമ്മാനമായാണ് ഗ്യാനേഷ് കുമാറിനെ അദ്ദേഹത്തിൻ്റെ യജമാനന്മാർ മുഖ്യാതെരഞ്ഞെടുപ്പ് കമ്മിഷണർ ആക്കിയത്. ഗ്യാനേഷ് കുമാറിൻ്റെ സഹ കമ്മിഷണർമാർക്ക് പോലും പൊറുക്കാനാവാത്ത വഴിക്കാണ് ഈ ബിജെപി ദാസൻ നീങ്ങിയത്.
13 കോടി ഇന്ത്യക്കാരുടെ സമ്മതിദാന അവകാശം തട്ടിപ്പറിച്ച ഈ സ്വേച്ഛാധിപതി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് അപമാനം ആണ്. ഇങ്ങനെ ഒരാളുടെ കീഴിൽ തെരഞ്ഞെടുപ്പ് ഒരിക്കലും സ്വതന്ത്രവും നീതിപൂർവവും ആവില്ലെന്ന് ജനാധിപത്യവാദിയായ ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കി കഴിഞ്ഞു. ഭരണഘടനയോട് ഒരു തരി കൂറെങ്കിലും ഉണ്ടെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവച്ച് ഒഴിയണം. അല്ലാത്തപക്ഷം ആളിപ്പടരുന്ന ജനരോഷത്തിനു മുന്നിൽ ഈ ജനാധിപത്യവിരുദ്ധന മുട്ടുമടക്കി ഇറങ്ങിപ്പോകേണ്ടി വരും. ഇന്ത്യയിൽ ശക്തി പ്രാപിച്ചു കഴിഞ്ഞ പ്രതിപക്ഷ ഐക്യ നിര അതാണ് വിളിച്ചറിയിക്കുന്നത്. ഗ്യാനേഷ് കുമാറിന് പിറകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തലയൂരാനാകാതെ ഗ്യാനേഷ് കുമാർ; ഏറ്റുപിടിക്കാതെ ബിജെപി, കടുത്ത ആക്രമണത്തിൽ പകച്ച് കേന്ദ്രം
