ഐ.പി.എൽ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ​ഗുജറാത്ത് ടീം സഞ്ചരിച്ച ബസിൽ തീപിടിത്തം; താരങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു

ഐ.പി.എൽ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ​ഗുജറാത്ത് ടീം സഞ്ചരിച്ച ബസിൽ തീപിടിത്തം; താരങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു


അഹമ്മദാബാദ്: ഐ.പി.എൽ കലാശപ്പോരാട്ടത്തിലെ കടുത്ത പരാജയത്തിന് പിന്നാലെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ട് ഗുജറാത്ത് ടൈറ്റൻസ് ടീം. ഫൈനൽ മത്സരത്തിനു ശേഷം മടങ്ങുന്ന വഴിയിൽ ടീം സഞ്ചരിച്ചിരുന്ന ബസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പരത്തി. സംഭവം നടക്കുമ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ഉൾപ്പെടെ എല്ലാ കളിക്കാരും ബസിലുണ്ടായിരുന്നു. 

ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഫൈനൽ മത്സരത്തിന് ശേഷം കളിക്കാരും ജീവനക്കാരും താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബസിന്റെ ഉള്ളിൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തുടർന്ന് പുക ഉയരുകയുമായിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന കളിക്കാരെയും പരിശീലകരെയും മറ്റ് സ്റ്റാഫുകളെയും ഉടനടി സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകടത്തെ തുടർന്ന് മറ്റൊരു ബസ് അധികൃതർ ക്രമീകരിക്കുന്നതുവരെ ഗുജറാത്ത് താരങ്ങൾക്ക് അഹമ്മദാബാദിലെ റോഡിൽ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് തോറ്റതിന്റെ നിരാശയ്ക്ക് പിന്നാലെയാണ് കളിക്കാരെ വലച്ച ഈ സംഭവം അരങ്ങേറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 155 റൺസ് എന്ന ചെറിയ ലക്ഷ്യം ആർ.സി.ബി എളുപ്പത്തിൽ മറികടക്കുകയായിരുന്നു.