രാജ്യാന്തര വിമാനയാത്ര തടസരഹിതമാക്കാൻ കേന്ദ്രം; 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ 44 വിമാനത്താവളങ്ങൾ ഒരുക്കാൻ സർക്കാർ പദ്ധതി

രാജ്യാന്തര വിമാനയാത്ര തടസരഹിതമാക്കാൻ കേന്ദ്രം; 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ 44 വിമാനത്താവളങ്ങൾ ഒരുക്കാൻ സർക്കാർ പദ്ധതി


ന്യൂഡൽഹി: രാജ്യത്ത് തടസങ്ങളില്ലാതെ വിമാനയാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ 44 വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഇതിൽ 4 പ്രധാന ഹബ് വിമാനത്താവളങ്ങളും 40 സ്പോക്ക് വിമാനത്താവളങ്ങളും ഉൾപ്പെടുന്നു. ചെറിയ നഗരങ്ങളെ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അമൃത്‌സറിൽ നിന്ന് 'ഹബ് ആൻഡ് സ്പോക്ക്' വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിച്ച സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നത്. വാരണാസിക്ക് ശേഷം ഈ മാതൃകയിൽ ഉൾപ്പെടുത്തുന്ന രണ്ടാമത്തെ 'സ്പോക്ക്' വിമാനത്താവളമാണ് അമൃത്‌സർ.

അമൃത്‌സർ വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ അറിയിച്ചതാണ് ഇക്കാര്യം. ഈ മാതൃകയിൽ നാല് ഹബ് വിമാനത്താവളങ്ങളും 40 സ്പോക്ക് വിമാനത്താവളങ്ങളും വികസിപ്പിക്കുമെന്നും, അങ്ങനെ ആകെ 44 വിമാനത്താവളങ്ങൾ ഇതിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഹബ് ആൻഡ് സ്പോക്ക്' എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം "ഏവിയേഷൻ പരമാധികാരം" ഉറപ്പാക്കുന്നതും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഒരു മാതൃകയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ 100 ​​വിമാനത്താവളങ്ങളും 200 ഹെലിപോർട്ടുകളും വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്താണ് 'ഹബ് ആൻഡ് സ്പോക്ക്'?

'ഹബ് ആൻഡ് സ്പോക്ക്' മാതൃക എന്നാൽ, ചെറിയ നഗരങ്ങളിൽ (സ്പോക്കുകൾ) നിന്നുള്ള യാത്രക്കാരെ ഒരു പ്രധാന വിമാനത്താവളത്തിലൂടെ (ഹബ്) കടത്തിവിട്ടാണ് ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര വിമാനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ, ഡൽഹി പോലുള്ള പ്രധാന ഹബ്ബുകൾ വഴി ടയർ-2, ടയർ-3 വിഭാഗത്തിലുള്ള വിമാനത്താവളങ്ങളെ വിദേശ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാനാണ് ഈ മാതൃക ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് തുടക്കത്തിലെ വിമാനത്താവളത്തിൽ വെച്ചുതന്നെ ലഗേജ് ചെക്ക്-ഇൻ ചെയ്യാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. പ്രധാന ഹബ് വിമാനത്താവളത്തിൽ വീണ്ടും ലഗേജ് പരിശോധിക്കേണ്ട ആവശ്യമില്ലാതെ അന്താരാഷ്ട്ര വിമാനങ്ങളിലേക്ക് എളുപ്പത്തിൽ മാറാം. എയർ ഇന്ത്യ ഈ മാതൃകയിൽ 'ഈസി കണക്ട്' എന്ന പേരിൽ പുറത്തേക്കുള്ള സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു; അമൃത്‌സറിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

നിലവിൽ, ഈ ശൃംഖലയിലെ ഏക 'ഹബ്' വിമാനത്താവളം ഡൽഹിയാണ്; വാരണാസിയും അമൃത്സറുമാണ് 'സ്പോക്ക്' (ഹബ്ബുമായി ബന്ധിപ്പിക്കപ്പെട്ട ഉപ-കേന്ദ്രങ്ങൾ) വിമാനത്താവളങ്ങൾ. അടുത്തതായി അഹമ്മദാബാദ് ഒരു 'സ്പോക്ക്' വിമാനത്താവളമായി മാറും.

ഈ മാതൃക പ്രകാരം, അമൃത്സറിൽ നിന്നുള്ള യാത്രക്കാരെ ഡൽഹി വഴി 27 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ ബന്ധിപ്പിക്കും. യുഎസ്, കാനഡ, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേതുൾപ്പെടെ 27 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തുടർവിമാനങ്ങളിൽ, അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്ക് നാല് മണിക്കൂറിനുള്ളിൽ കയറാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച മുതൽ അമൃത്സറിൽ നിന്ന് പ്രതിദിനം രണ്ട് 'ഈസി കണക്ട്' (Easy Connect) വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

'ഈസി കണക്ട്' പദ്ധതിയുടെ ഭാഗമായി, അമൃത്സറിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് അവരുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള 'ത്രൂ ചെക്ക്-ഇൻ' പൂർത്തിയാക്കാനും, അമൃത്സർ വിമാനത്താവളത്തിൽ വെച്ചുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. കൂടാതെ, ലഗേജ് വീണ്ടും പരിശോധിക്കുകയോ ടെർമിനലുകൾ മാറുകയോ ചെയ്യാതെ തന്നെ ഡൽഹി വഴി തടസ്സമില്ലാത്ത യാത്ര  ആസ്വദിക്കാനും അവർക്ക് കഴിയും"- എയർ ഇന്ത്യ വിശദമാക്കുന്നു. 

ഈ മാതൃകയിൽ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർ അമൃത്സറിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഡൽഹിയിൽ വെച്ച് വിമാനം മാറേണ്ടതുണ്ടെന്നും, തുടർവിമാനങ്ങളിൽ അത്തരം യാത്രക്കാർ മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഉൾപ്പെടുന്ന എയർ ഇന്ത്യ ഗ്രൂപ്പ് ആഴ്ചയിൽ ഏകദേശം 900 വിമാന സർവീസുകൾ നടത്തുന്നുണ്ട്; ഇതിൽ 500-ഓളം സർവീസുകൾ എയർ ഇന്ത്യയാണ് നടത്തുന്നത്.

ആഗോള വ്യോമയാന മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംവിധാനമാണ് 'ഹബ്-ആൻഡ്-സ്പോക്ക്'. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ടർക്കിഷ് എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾ ദുബായ്, ദോഹ, ഇസ്താംബൂൾ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഹബ് വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ശൃംഖലകൾ രൂപീകരിച്ചിട്ടുണ്ട്. അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ കമ്പനികളും 'ഹബ്-ആൻഡ്-സ്പോക്ക്' പ്രവർത്തനരീതിയെ വലിയ തോതിൽ ആശ്രയിക്കുന്നു.