ന്യൂഡൽഹി: തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഇ- റിക്ഷകൾ പെട്ടെന്ന് നിശ്ചലമായി. ഒന്നിന് പിറകേ ഒന്നായി, ചിലത് കൂട്ടത്തോടെ. ഡൽഹിയിലെ ഇ-റിക്ഷ ഡ്രൈവർമാർക്കാണ് വലിയ തലവേദനയുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ചില ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി ഇ-റിക്ഷ ബാറ്ററികൾ ജോഡിയാക്കുകയും ബാറ്ററി ഡിസ്‌ചാർജ് ഫങ്‌ഷൻ ഓഫാക്കുകയും ചെയ്തതായിരുന്നു സംഭവം. ഇത്തരം സംഭവങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.
ഇ-റിക്ഷകളെ ദൂരെ നിന്ന് പ്രവർത്തനരഹിതമാക്കുന്ന ചൈനീസ് ആപ്പുകൾ ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി കേന്ദ്ര സർക്കാർ. ഇത്തരം പ്രവർത്തിയിലേർപ്പെട്ട രണ്ട് ആപ്പുകളും ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ടെന്നും, ആപ്പ് സ്റ്റോറുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്‌ണൻ നിർദ്ദേശിച്ചു.
ബിടിഎസ്, ബിഎംഎസ് ആപ്പുകൾ ഉപയോഗിച്ചാണ് റിക്ഷകൾ പ്രവർത്തനരഹിതമാക്കിയതെന്നാണ് കണ്ടെത്തിയത്. വോൾട്ടേജ്, താപനില, കറന്‍റ് തുടങ്ങിയ ബാറ്ററി പാരാമീറ്ററുകൾ നിരീക്ഷിക്കാൻ ടെക്‌നീഷ്യൻമാർക്കായി രൂപകൽപ്പന ചെയ്ത ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റം (ബിഎംഎസ്) ആപ്പുകളാണിത്. സാങ്കേതിക വിദഗ്‌ധരായ യുവാക്കളിൽ ചിലർ തമാശ രൂപേണ ബ്ലൂടൂത്ത് വഴി ഇ-റിക്ഷകളുടെ പവർ സപ്ലൈ റിമോട്ട് ആയി സ്വിച്ച് ഓഫ് ചെയ്‌ത് ദുരുപയോഗം ചെയ്യുകയായിരുന്നു.
പാസ്‌വേഡുകളോ മറ്റ് ഓതന്‍റിക്കേഷൻ സംവിധാനങ്ങളോ അടങ്ങുന്ന അടിസ്ഥാന സുരക്ഷാ സവിശേഷതകൾ ഇല്ലാത്ത കുറഞ്ഞ വിലയുള്ള ലിഥിയം ബാറ്ററി പായ്ക്കുകളെയാണ് ബ്ലൂടൂത്ത് വഴി കണക്‌റ്റ് ചെയ്ത് ചൂഷണം ചെയ്‌തത്. 10-15 മീറ്റർ പരിധിയിലുള്ള ഇ-റിക്ഷകളിലെ ബാറ്ററി ബ്ലൂടൂത്ത് ഉപയോഗിച്ച് ജോഡിയാക്കുകയും ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് വാഹനം പ്രവർത്തന രഹിതമാക്കുകയുമായിരുന്നു. അതേസമയം സുരക്ഷിതമായ ബാറ്ററി സിസ്റ്റങ്ങളെ എളുപ്പത്തിൽ ജോഡിയാക്കാൻ ഇതിലൂടെ സാധിച്ചിരുന്നില്ല. തങ്ങളുടെ വാഹനം ട്രാഫിക്കിൽ പെട്ടെന്ന് നിൽക്കുകയും ജോഡികളായി ബാറ്ററി ഓഫാകുകയും ചെയ്തത് കണ്ടെത്തിയതോടെയുമാണ് സംഭവം അറിഞ്ഞതെന്ന് ഡ്രൈവർമാർ പറഞ്ഞു.
ഇത്തരത്തിൽ ബാറ്ററി വാഹനങ്ങൾ പ്രവർത്തനരഹിതമാക്കിയതായി കാണിക്കുന്ന വൈറൽ വീഡിയോകൾ ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡൽഹി ഗതാഗത വകുപ്പ് ബന്ധപ്പെട്ട ആപ്പുകളിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് രണ്ട് ചൈനീസ് ആപ്പുകളും ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിടുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ഇ-റിക്ഷകൾ 'ആപ്പി'ട്ട് പൂട്ടി; വലഞ്ഞ് ഡൽഹിയിലെ റിക്ഷ തൊഴിലാളികൾ, ആപ്പുകൾ നീക്കംചെയ്യാൻ കേന്ദ്രത്തിന്റെ നിർദേശം
