ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തില്‍ നിയമിച്ചാലേ അവര്‍ക്ക് ഉത്തരവാദിത്വംഉണ്ടാകൂവെന്നും സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത (ഡി എ) നല്‍കാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പരാമര്‍ശം.
'ഇനിമുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കാവൂ. എങ്കില്‍ മാത്രമേ അവര്‍ക്ക് ഉത്തരവാദിത്വംഉണ്ടാവുകയുള്ളൂ. ഒരു ദിവസം അവര്‍ ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജുകള്‍ മാത്രമാണ്, അവര്‍ക്ക് ജുഡീഷ്യല്‍ വകുപ്പില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ല. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാലും അവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെയാണെങ്കില്‍ ഒരു ദിവസം ടൈപ്പ് ചെയ്യാനുള്ളത് വെറും മൂന്ന് പേജുകള്‍മാത്രം!' ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
പഞ്ചാബ് സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ കേസ് ജസ്റ്റിസ് നാഗരത്‌നയുടെയും ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ബെഞ്ചാണ് പരിഗണിച്ചിരുന്നത്. നേരത്തെ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ ആവശ്യമായ പണം നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം മതിയായ ഫണ്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ ഘട്ടത്തില്‍ സൗജന്യ പദ്ധതികള്‍ക്കും മറ്റുമായി സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. സുപ്രിം കോടതിയില്‍ ഹൈക്കോടതിയുടെ ഈ വാദം സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നയിച്ചു. പഞ്ചാബിലെ വിവിധ പദ്ധതികളെയും സൗജന്യങ്ങളെയും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗരത്‌നയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശമുണ്ടായത്. സൗജന്യ പദ്ധതികള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുള്ളതാണെന്നും എന്നാല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗമാണെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
