എല്‍ പി ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍; യാഥാര്‍ഥ്യം അതല്ലെന്ന് തെളിവുകള്‍ നിരത്തി നെറ്റിസണ്‍സ്

എല്‍ പി ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍; യാഥാര്‍ഥ്യം അതല്ലെന്ന് തെളിവുകള്‍ നിരത്തി നെറ്റിസണ്‍സ്


ന്യൂഡല്‍ഹി: എല്‍ പി ജി സിലിണ്ടറുകളുടെ വിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന ഭയത്തില്‍ ഇന്ത്യന്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍. രാജ്യത്ത് ആവശ്യത്തിനുള്ള എല്‍ പി ജി ഗ്യാസ് സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും ജനങ്ങള്‍ അത് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു സിലിണ്ടര്‍ ലഭിച്ച് 25 ദിവസത്തിന് ശേഷം മാത്രമേ ഗ്യാസിന് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന പുതിയ നിയമമാണ് ഇറാന്‍- ഇസ്രായേല്‍- യു എസ് യുദ്ധ ഭീതി ഇന്ത്യന്‍ വീടുകളിലേക്കും വ്യാപിപ്പിച്ചത്. 

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കപ്പലുകള്‍ സാധാരണയായി കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എല്‍ പി ജി സിലിണ്ടറുകള്‍ക്കായി വിതരണ കേന്ദ്രങ്ങളില്‍ ഭീതിയോടെ ആളുകള്‍ കൂട്ടംകൂടുകയായിരുന്നു. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ ഉറപ്പുകളൊന്നും പൊതുജനങ്ങളെ പൂര്‍ണമായി ആശ്വസിപ്പിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.  ഗൃഹോപയോഗ എല്‍ പി ജി വിതരണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഗൃഹോപഭോക്താക്കള്‍ക്ക് യാതൊരു കുറവും ഉണ്ടാകില്ലെന്നും ഇന്ത്യയുടെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ  അറിയിക്കുമ്പോള്‍ നെറ്റിസണ്‍സും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചാണ് ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നത്.

എക്‌സ് പ്ലാറ്റ്ഫോമിലെ ഉപയോക്താവായ മിലിന്ദ് വൈദ്യ എഴുതിയത് 'അങ്ങനെയാണെങ്കില്‍, പുനെയിലെ വാഘോളിയില്‍ പ്രവര്‍ത്തിക്കുന്ന മയുരേഷ് എച്ച് പി ഗ്യാസ് ഏജന്‍സി എന്തുകൊണ്ട് സിലിണ്ടര്‍ ഡെലിവറി നിര്‍ത്തി?' എന്നായിരുന്നു. താന്‍ സിലിണ്ടര്‍ ബുക്ക് ചെയ്ത് പത്ത് ദിവസമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താക്കളെ ഗോഡൗണുകളിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വിതരണ തടസം സൃഷ്ടിക്കാനുള്ള ശ്രമമാണോ? എന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം എക്‌സ് അക്കൗണ്ടിലൂടെ വിഭവങ്ങളുടെ പരമാവധി ഉപയോഗത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. എല്‍ പി ജി സിലിണ്ടറുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇന്ധനം ലാഭിക്കാനും സംരക്ഷിക്കാനും പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാര്‍ഗമാണെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

എന്നാല്‍ ഉപഭോക്താക്കള്‍ പ്രതികരിക്കുന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. വിതരണത്തില്‍ വലിയ കുഴപ്പങ്ങളുണ്ടെന്നും സിലിണ്ടറുകള്‍ ലഭ്യമല്ലെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ചില ഉപയോക്താക്കള്‍ പങ്കുവച്ച രസീതുകളില്‍ സിലിണ്ടര്‍ ബുക്കിംഗ് തിയ്യതി ഫെബ്രുവരി 28 ആണെന്ന് കാണിക്കുന്നു.

പലര്‍ക്കും കരിഞ്ചന്തയില്‍ സിലിണ്ടര്‍ വാങ്ങേണ്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണയായി 900 രൂപയ്ക്ക് താഴെ ലഭിക്കുന്ന സിലിണ്ടര്‍ ഇപ്പോള്‍ 2,000 രൂപയ്ക്ക് വരെ വിറ്റഴിക്കപ്പെടുകയാണെന്നും വില ഇനിയും ഉയരുന്നതായുമാണ് വിവരം.