ന്യൂഡല്‍ഹി: അമേരിക്ക- ഇന്ത്യ ബന്ധം ദൃഢമായി തുടരുകയാണെന്നും സൈനിക സഹകരണത്തിലും സാമ്പത്തിക, സാങ്കേതിക മേഖലകളിലും ഇരുരാജ്യങ്ങളും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഇന്ത്യയിലെ യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞു. അമേരിക്കന്‍ ഇന്തോ- പസഫിക് കമാന്‍ഡിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കവെ ഔദ്യോഗിക ലെറ്റര്‍ഹെഡിലെ പേര് എന്താണെന്നതല്ല ഇരുരാജ്യങ്ങളുടെയും യഥാര്‍ഥ സഹകരണമാണ് പ്രധാനമെന്ന് ഗോര്‍ പറഞ്ഞു.
പേര് മാറിയെന്ന് പറഞ്ഞ് പലരും വലിയ വിവാദമാക്കിയെന്നും ഒരു ലെറ്റര്‍ഹെഡില്‍ എന്ത് പേരാണുള്ളതെന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും അമേരിക്ക യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ അമേരിക്കയുമായി നടത്തുന്നുണ്ടെന്നും എല്ലാ മാസവും ഇരു രാജ്യങ്ങളുടെയും സൈനികര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടികള്‍ നടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ അടുപ്പം വിശദീകരിക്കാന്‍ സെര്‍ജിയോ ഗോര്‍ ഒരു അനുഭവവും പങ്കുവെച്ചു.
മിയാമിയില്‍ നടന്ന അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ട്രംപ് പെട്ടെന്ന് തന്നെ 'പ്രധാനമന്ത്രി മോഡിയെ വിളിക്കാം' എന്ന് പറഞ്ഞതായി അദ്ദേഹം ഓര്‍ത്തെടുത്തു.
താന്‍ പ്രസിഡന്റിനൊപ്പം ബാക്ക്‌സ്റ്റേജിലായിരുന്നുവെന്നും അദ്ദേഹം തന്നോട് 'പ്രധാനമന്ത്രിയെ വിളിക്കാം' എന്ന് പറഞ്ഞുവെന്നും അപ്പോള്‍ താന്‍ 'സര്‍, ഇന്ത്യയില്‍ ഇപ്പോള്‍ രാവിലെ ആറു മണിയാണ്' എന്ന് പറഞ്ഞപ്പോള്‍ 'അദ്ദേഹം എഴുന്നേറ്റിട്ടുണ്ടാകും. അദ്ദേഹം എന്നെപ്പോലെയാണ്' എന്ന് മറുപടി നല്‍കയെന്നും ഗോര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനിടയില്‍ ട്രംപ് വേദിയിലേക്ക് പോയതിനാല്‍ ആ ഫോണ്‍വിളി അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിന്റെ പ്രധാന സന്ദേശം യഥാര്‍ഥ സുഹൃത്തുക്കള്‍ തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും മുന്‍കൂട്ടി നിശ്ചയിക്കേണ്ടതില്ല എന്നതാണെന്നും ട്രംപ് പ്രധാനമന്ത്രി മോദിയെ ആത്മാര്‍ഥ സുഹൃത്തായാണ് കാണുന്നതെന്നും ഗോര്‍ പറഞ്ഞു.
ട്രംപിന്റെ ആദ്യ ഭരണകാലം മുതല്‍ ഇരുവരും തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ടെന്നും ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ഓര്‍മകളാണുള്ളതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം അമേരിക്ക ഇന്തോ- പസഫിക് കമാന്‍ഡ് എന്ന പേരില്‍ നിന്ന് 'ഇന്തോ' എന്ന പദം ഒഴിവാക്കി പഴയ പസഫിക് കമാന്‍ഡ് എന്ന പേര് വീണ്ടും ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്.
1947ല്‍ രൂപീകരിക്കപ്പെട്ട ഈ സൈനിക കമാന്‍ഡിന് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന തന്ത്രപ്രധാന പങ്ക് കണക്കിലെടുത്ത് 'ഇന്തോ- പസഫിക് കമാന്‍ഡ്' എന്ന പേര് നല്‍കിയത്. എന്നാല്‍ അടുത്തിടെ പഴയ പേര് പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടെന്ന തരത്തില്‍ ചില വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ ആശങ്കകള്‍ തള്ളിക്കളഞ്ഞ സെര്‍ജിയോ ഗോര്‍, പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യ- അമേരിക്ക ബന്ധം ശക്തമായ നിലയില്‍ തുടരുകയാണെന്ന് വ്യക്തമാക്കി.
