മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കാനുള്ള പ്രതീക്ഷ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ ഉണ്ടായ ശക്തമായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികളും വന്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി എസ് ഇ) സെന്‍സെക്‌സ് 1,695.40 പോയിന്റ് (2.30 ശതമാനം) ഉയര്‍ന്ന് 75,527.95 പോയിന്റില്‍ ക്ലോസ് ചെയ്തു.
ദിവസത്തിനിടെ സെന്‍സെക്‌സ് 1,775.47 പോയിന്റ് അഥവാ 2.40 ശതമാനം വരെ ഉയര്‍ന്ന് 75,608.02 എന്ന ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
അതേസമയം, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍ എസ് ഇ) നിഫ്റ്റിയും ഏകദേശം 2 ശതമാനം നേട്ടം കൈവരിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമായെന്ന പ്രതീക്ഷയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.
യുദ്ധഭീഷണി കുറയുന്നതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശമിക്കുകയും ആഗോള സാമ്പത്തിക സാഹചര്യത്തില്‍ സ്ഥിരത കൈവരുമെന്ന പ്രതീക്ഷ ശക്തമാവുകയും ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായും ധാരണയിലേക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും വ്യാപകമായ മുന്നേറ്റമുണ്ടായി.
ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രകടമായത്. ബാങ്കിംഗ്, ധനകാര്യ, ഐ ടി, ഓട്ടോമൊബൈല്‍ തുടങ്ങിയ പ്രധാന മേഖലകളിലെ ഓഹരികള്‍ക്ക് മികച്ച വാങ്ങല്‍ പിന്തുണ ലഭിച്ചു.
ഭൗമരാഷ്ട്രീയ സംഘര്‍ഷം ലഘൂകരിക്കുന്നതും എണ്ണ വില നിയന്ത്രണവിധേയമാകുന്നതും ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് അനുകൂല ഘടകമാണെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇത് പണപ്പെരുപ്പ നിയന്ത്രണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമാകുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിച്ചു.
അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ക്കനുസരിച്ച് വിപണിയില്‍ ചാഞ്ചാട്ടം തുടരാനിടയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെട്ടതിന്റെ സൂചനയാണ് വെള്ളിയാഴ്ചത്തെ വിപണി പ്രകടനമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
