ഗാന്ധി പ്രതിമ മോഷണം: ഇന്ത്യ അപലപിച്ചു; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം

ഗാന്ധി പ്രതിമ മോഷണം: ഇന്ത്യ അപലപിച്ചു; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം


മെല്‍ബണ്‍: മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഓസ്ട്രേലിയന്‍ അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടു.  വിഷയം ഇന്ത്യ ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ശക്തമായി കൊണ്ടുവന്നിട്ടുണ്ടെന്നും പ്രതിമ വേഗത്തില്‍ വീണ്ടെടുക്കുകയും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ പറഞ്ഞു. 

ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഓസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത്  സ്ഥാപിച്ചിരുന്ന 426 കിലോഗ്രാം ഭാരമുള്ള വെങ്കല പ്രതിമയാണ് മോഷണം പോയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് സമ്മാനമായി നല്‍കിയ പ്രതിമ 2021-ല്‍ അന്നത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് അനാച്ഛാദനം ചെയ്തത്. സംഭവത്തില്‍ വിക്ടോറിയ പൊലീസ് നോക്‌സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അന്വേഷണം നടത്തിവരികയാണ്.