ചണ്ഡിഗഡ്: ആന്റി-ഗ്യാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്സും എസ് എ എസ് നഗര്‍ പൊലീസും വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഗോള്ഡി ധില്ലോണുമായി ബന്ധമുള്ള ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങിന്റെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡേര ബസ്സിഅംബാല ഹൈവേയിലുള്ള സ്റ്റീല്‍ സ്ട്രിപ്പ്‌സ് ടവേഴ്‌സ് സമീപം വെടിവെപ്പുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഹൈവേയ്ക്കരികിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന പ്രതികള്‍ക്കെതിരെ പൊലീസ് കോര്‍ഡണ്‍-സര്‍ച്ച് നടത്തുന്നതിനിടെ അവര്‍ പൊലീസിനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഗ്യാങ് അംഗങ്ങള്‍ക്ക് വെടിയേറ്റ് പരിക്കേറ്റു. പ്രാഥമിക അന്വേഷണപ്രകാരം വിദേശത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന അവരുടെ ഹാന്‍ഡ്‌ലറുടെ നിര്‍ദേശപ്രകാരം ട്രൈസിറ്റി പ്രദേശത്തും പട്യാലയിലും ആക്രമണങ്ങള്‍ നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. പിടിച്ചെടുത്തതില്‍ ഏഴ് .32 കാലിബര്‍ തോക്കുകളും 70 സജീവ കാര്‍ട്രിജുകളും ഉള്‍പ്പെടുന്നു.
ഹെഡ് കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിങ്ങിന്റെയും കോണ്‍സ്റ്റബിള്‍ ഗുലാബ് സിങ്ങിന്റെയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിലാണ് ആക്രമികളുടെ വെടിയേറ്റത്.
പൊലീസ് തിരിച്ചുവെടിവെച്ചതോടെ പ്രതികളായ ഹര്‍വിന്ദര്‍ സിംഗ് എന്ന ഭോലയും മുഹമ്മദ് സമീറിനുമാണ് പരിക്കേറ്റത്. ഇവരെയും മറ്റു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നാലുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കേസിന്റെ അന്വേഷണം തുടരുകയാണെന്നും ഗ്യാങിലെ മറ്റു കൂട്ടാളികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും,കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാനാകുമെന്നും സ്ഥലത്തെത്തിയ എസ്എഎസ് നഗര്‍ എസ്എസ്പി ഹര്‍മനദീപ് ഹന്‍സ് പറഞ്ഞു.
