ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. ബെംഗളൂരുവിലായിരുന്നു അന്ത്യം.
ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് ചെന്നമ്മയെ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ദേവഗൗഡയും മകനും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. മക്കളില്‍ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഹാസന്‍ ജില്ലയിലെ ഹൊളേനരസിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എ എച്ച് ഡി രേവണ്ണയും ഉള്‍പ്പെടുന്നു.
2001 ഫെബ്രുവരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തിയായിരുന്നു ചെന്നമ്മ. രാഷ്ട്രീയത്തിലെ അതിപ്രശസ്തനായ നേതാവിന്റെ ഭാര്യയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മാതാവുമായിരുന്നെങ്കിലും ചെന്നമ്മ പൊതുജീവിതത്തില്‍ നിന്ന് ഏറെ അകന്നുനിന്നിരുന്നു.
