ന്യൂഡൽഹി: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ബി വൺ എ.സി കോച്ച്, എൻജിനോട് ചേർന്നുള്ള ജനറേറ്റർ കമ്പാർട്ടുകളിലാണ് തീപിടിത്തമുണ്ടായത്. ബോഗികൾ പൂർണമായി കത്തിയമർന്നു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ പുലർച്ചെ അഞ്ചേകാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്തുകൂടി പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. തീ പടർന്നതോടെ ബോഗികളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ബോഗികൾ വേർപെടുത്തി. രണ്ട് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. ട്രെയിനിൽ നിരവധി മലയാളി യാത്രക്കാരുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ഹസറത്ത് നിസാമുദ്ദീനിൽ എത്തേണ്ട ട്രെയിനാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം; സംഭവം രാജസ്ഥാനിലെ കോട്ടയിൽ, രണ്ട് ബോഗികൾ കത്തി
