അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകൾ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എട്ട് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയോധ്യയിലെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
രാമശങ്കർ യാദവ് (ടിന്നു യാദവ്), അനുകൽപ് മിശ്ര, അവിനാശ് ശുക്ല, മനീഷ് യാദവ്, രാമശങ്കർ മിശ്ര, സുഭാഷ്, കരുണേഷ് എന്നിവരടക്കം എട്ട് പേരാണ് കേസിൽ പ്രതികളായിരിക്കുന്നത്. മറ്റ് ചില അജ്ഞാതരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ച സംഭാവനകൾ ക്രിമിനൽ ഗൂഢാലോചനയിലൂടെ അപഹരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ടിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം ഉത്തർപ്രദേശ് സർക്കാർ ജൂൺ 13ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ലഖ്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
അന്വേഷണത്തിനിടെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെ നിരവധി പേരുടെ മൊഴികളും എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രാമക്ഷേത്രത്തിലെ സംഭാവനകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി ആരോപിച്ചതോടെയാണ് വിഷയം ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. തുടർന്ന് സംഭവത്തിൽ കോടതികൾ സ്വമേധയാ ഇടപെടണമെന്ന ആവശ്യവും ഉയർന്നിരുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ സംഭാവന തട്ടിപ്പ് ആരോപണത്തിലെ അന്വേഷണം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
രാമക്ഷേത്ര സംഭാവന വിവാദം: ട്രസ്റ്റ് അംഗത്തിന്റെ പരാതിയിൽ എഫ്‌ഐആർ, എട്ട് പേർക്കെതിരെ കേസ്
