വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നു

വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നു


ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചു കൊന്നു. സുശാന്ത് ലോക് ഫേസ് 2 വിലെ വീട്ടിലായിരുന്നു 25കാരി വെടിയേറ്റ് മരിച്ചത്. 

രാധികയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മകള്‍ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് അസ്വസ്ഥനാക്കിയിരുന്നതായും പ്രണയബന്ധം എതിര്‍ത്തിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ കൈയില്‍ നിന്ന് പൊലീസ് റിവോള്‍വള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടോടെ വീടിനുള്ളില്‍ അഞ്ച് തവണയാണ് രാധികയ്ക്കു നേരെ പിതാവ് നിറയൊഴിച്ചത്. ഇതില്‍ മൂന്നു ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വനിതകളുടെ ഡബിള്‍സില്‍ ഹരിയാനയില്‍ അഞ്ചാം റാങ്കും ആഗോളതലത്തില്‍ 113-ാം റാങ്കുകാരിയുമായ രാധിക ടെന്നിസ് അക്കാദമിയും നടത്തുന്നുണ്ട്.