ബിഹാറിൽ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തം മന്ത്രിയെ ചോദ്യം ചെയ്ത് ബിജെപി എംഎൽഎ

ബിഹാറിൽ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തം മന്ത്രിയെ ചോദ്യം ചെയ്ത് ബിജെപി എംഎൽഎ


പട്‌ന: ബിഹാർ നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി. ഈ വിഷയം ശക്തമായി ഉന്നയിച്ചത് ബിജെപി എംഎൽഎയും പ്രശസ്ത മിഥിലാഞ്ചൽ ജനപദഗായികയുമായ മൈഥിലി താക്കൂർ ആണ്. സ്വന്തം മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥയെക്കുറിച്ച് ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയോട് വിശദീകരണം തേടിയ മൈഥിലി, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് വീണ്ടും ചോദ്യം ഉന്നയിച്ചതാണ് സഭയിൽ ശ്രദ്ധ നേടിയത്.

അലീനഗർ മണ്ഡലത്തിൽ നിന്നുള്ള കന്നി അങ്കത്തിൽ ജയിച്ച മൈഥിലി, സഭയിലെ ചോദ്യോത്തരവേളയിൽ ആശുപത്രി കെട്ടിടം ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന നിലയിലാണെന്ന് വ്യക്തമാക്കി. മേൽക്കൂരയിൽ നിന്ന് പ്ലാസ്റ്റർ ഇടിഞ്ഞുവീഴുന്നുവെന്നും, മതിലുകളിൽ വലിയ വിള്ളലുകളുണ്ടെന്നും, മഴക്കാലത്ത് വാർഡുകളിലേക്ക് വെള്ളം കയറുന്നുവെന്നും അവർ പറഞ്ഞു. ഇത്തരമൊരു കെട്ടിടത്തിൽ ഇപ്പോഴും രോഗികളെ പ്രവേശിപ്പിക്കുന്നതും ഗർഭിണികളെയും കുട്ടികളെയും ചികിത്സിക്കുന്നതും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ മറുപടിയിൽ 'കെട്ടിടം അത്ര മോശമല്ല, അറ്റകുറ്റപ്പണി മാത്രം മതി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പറഞ്ഞ മൈഥിലി, 'ഞാൻ ഇതിൽ പൂർണമായി തൃപ്തിയല്ല. കാരണം, കെട്ടിടം വളരെ മോശം നിലയിലാണെന്ന് പ്രതികരിച്ചു. ചെറിയ ഒരു മുറിയിലാണ് ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു എംബിബിഎസ് ഡോക്ടർ പോലും അവിടെ ഇല്ല,' എന്നും അവർ പറഞ്ഞു.

ആരോഗ്യ ബജറ്റ് വർഷം തോറും ഉയർത്തുന്ന സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ആശുപത്രി കെട്ടിടങ്ങൾ തകർന്നുകിടക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച മൈഥിലി, ഡോക്ടർമാരുടെയും മരുന്നുകളുടെയും ക്ഷാമത്തേക്കാൾ വലിയ ഭീഷണിയാണ് ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന കെട്ടിടങ്ങളെന്നും പറഞ്ഞു. 'ഒരു വലിയ അപകടം സംഭവിച്ചശേഷമാണോ പുതിയ കെട്ടിടം പണിയാൻ സർക്കാർ കാത്തിരിക്കുന്നത്?' എന്ന അവരുടെ ചോദ്യം സഭയിൽ മുഴങ്ങി.

താൻ മന്ത്രിയെ കുറ്റപ്പെടുത്തുന്നില്ലെന്നും, പൊതുജനങ്ങളുടെ താത്പര്യത്തിൽ വിഷയം പരിഹരിക്കണമെന്ന അപേക്ഷ മാത്രമാണെന്നും മൈഥിലി വ്യക്തമാക്കി. 
സംസ്ഥാന സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ അവസ്ഥ ഗൗരവമായി കാണുന്നുണ്ടെന്നും, പല ഇടങ്ങളിലും പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മറുപടിയായി, ആരോഗ്യമന്ത്രി പറഞ്ഞു. അതീവ ശോചനീയാവസ്ഥയിലുള്ള ആശുപത്രികൾ ഘട്ടംഘട്ടമായി അറ്റകുറ്റപ്പണി നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

എന്നാൽ, തന്റെ മണ്ഡലത്തിലെ ആശുപത്രി വർഷങ്ങളായി പട്ടികയിലുണ്ടായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് മൈഥിലി വീണ്ടും ഇടപെട്ടു. ഓരോ വർഷവും ആസൂത്രണവും അനുമതിയും മാത്രമാണുള്ളതെന്നും, അടിത്തട്ടിലെ യാഥാർഥ്യം മാറുന്നില്ലെന്നും അവർ പറഞ്ഞു. ഇതോടെ സഭയുടെ അന്തരീക്ഷം ചൂടുപിടിച്ചു.  പ്രതിപക്ഷ എംഎൽഎമാർ മേശയിൽ ഇടിച്ച് പിന്തുണ അറിയിച്ചപ്പോൾ, ഭരണകക്ഷിയിലെ ചിലർ അസ്വസ്ഥരായി.

സ്പീക്കർ ഇടപെട്ടാണ് ചർച്ച മുന്നോട്ട് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, എംഎൽഎയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബിഹാറിലെ പല ജില്ലകളിലും സർക്കാർ ആശുപത്രി കെട്ടിടങ്ങൾ അതീവ ദയനീയാവസ്ഥയിലാണെന്നും, ബജറ്റ് സമ്മേളനത്തിൽ വിഷയം ഉയർന്നതോടെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുമാണ് പൊതുജനങ്ങൾ പങ്കുവയ്ക്കുന്നത്.