ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതിന്റെ ക്രെഡിറ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കാമെന്ന പ്രസ്താവനയുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന് മൈക്കല്‍ റൂബിന്. സമാധാന ശ്രമങ്ങള്ക്കല്ല, മറിച്ച് ഇന്ത്യയെ റഷ്യയോട് കൂടുതല്‍ അടുപ്പിച്ചതു കൊണ്ടാണ് ട്രംപ് നോബല്‍ സമ്മാനത്തിന് അര്‍ഹനാകുന്നതെന്ന് പരിഹാസരൂപേണ റൂബിന് പറഞ്ഞു.
രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന് മടങ്ങിയതിന് പിന്നാലെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു റൂബിന്. ഇന്ത്യ നല്കിയ സ്വീകരണവും ബഹുമാനവും മോസ്കോ കാഴ്ചപ്പാടില്‍ അതീവ അനുകൂലമാണെന്നും ലോകത്ത് മറ്റെവിടെയും ഇത്ര വലിയ ആദരം പുട്ടിന് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ ഈ ഊഷ്മള ഘട്ടത്തിന് പിന്നില്‍ ട്രംപിന്റെ നയങ്ങളാണെന്നും റൂബിന് ആരോപിച്ചു.
'ഡോണള്‍ഡ് ട്രംപ് ഇന്ത്യയെയും റഷ്യയെയും ഒന്നിപ്പിച്ച രീതിക്ക് നോബല്‍ സമ്മാനം നല്‍കാമെന്നാണ് എന്റെ വാദം,' റൂബിന് പറഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച കരാറുകളില്‍ എത്ര എത്ര എണ്ണം യഥാര്‍ത്ഥ സഹകരണമായി മാറുമെന്നത് കണ്ടറിയേണ്ടതുണ്ടെന്നും, ഇന്ത്യയോട് ട്രംപ് സര്‍ക്കാര്‍ കാണിച്ച സമീപനത്തിലുള്ള അസന്തുഷ്ടിയാണ് പല നീക്കങ്ങള്‍ക്ക് പിന്നിലെന്നും റോബിന് പ്രതികരിച്ചു.
അമേരിക്കക്കാരുടെ പ്രതികരണങ്ങളെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് ട്രംപ് ഭരണകൂടം കാണുന്നതെന്ന് റൂബിന് പറഞ്ഞു. എല്ലാം താന്‍ ചിന്തിക്കുന്നതുപോലെയാണ് നടക്കുന്നത് എന്ന സമീപനമാണ് ട്രംപിനുള്ളത്. ഇന്ത്യയുടെ റഷ്യയിലേക്കുള്ള നീക്കം തന്റെ വിദേശനയ ബുദ്ധിയുടെ ഫലമാണെന്ന രീതിയിലാണ് ട്രംപ് വിഷയത്തെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപിനെ ഇഷ്ടപ്പെടാത്ത 65 ശതമാനം അമേരിക്കക്കാര്‍ ഇത് അദ്ദേഹത്തിന്റെ ഗുരുതരമായ അജ്ഞതയും പരാജയവുമാണെന്നാണ് വിലയിരുത്തുന്നതെന്നും റൂബിന് കൂട്ടിച്ചേര്‍ത്തു.
യുഎസിന് ഇന്ത്യയുമായി ഉണ്ടായിരുന്ന തന്ത്രപ്രധാന ബന്ധങ്ങളെ ട്രംപ് ദുര്‍ബലമാക്കിയെന്നും, പാകിസ്താന്, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്തുതി ആസ്വദിച്ചുള്ള തീരുമാനങ്ങളാണ് അമേരിക്കയ്ക്ക് ദീര്‍ഘകാല നയപരമായ നഷ്ടമുണ്ടാക്കുന്നതെന്നും റൂബിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി.
പുട്ടിന് ഇന്ത്യയ്ക്ക് തടസ്സമില്ലാത്ത ഇന്ധനവിതരണം വാഗ്ദാനം ചെയ്ത പശ്ചാത്തലത്തില്‍, ഇന്ത്യയുടെ തന്ത്രപ്രധാന ആവശ്യങ്ങള്‍ അമേരിക്ക മനസ്സിലാക്കുന്നില്ലെന്നും റൂബിന് പറഞ്ഞു. ഇന്ത്യയുടെ താല്പര്യങ്ങള് പ്രതിനിധീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും ആസന്നമായ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയുമായ രാജ്യത്തിന് ഊര്‍ജാവശ്യങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ ഇന്ധനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിനെ വിമര്‍ശിക്കുന്നത് അമേരിക്കന്‍ നിലപാടിന്റെ പൊരുത്തക്കേടാണെന്നും, ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ വേണ്ടത്ര ഇന്ധനം നല്കാന് അമേരിക്കയ്ക്ക് ബദല്‍ മാര്‍ഗമില്ലെങ്കില്‍ ഉപദേശിക്കാന്‍ അവകാശമില്ലെന്നും റൂബിന് പറഞ്ഞു. 'ഇന്ത്യയ്ക്ക് ആദ്യം അവരുടെ സ്വന്തം സുരക്ഷയും താല്പര്യവുമാണ് കണക്കിലെടുക്കേണ്ടത്; ബദല്‍ ഇല്ലെങ്കില്‍ അതിന് വഴിമാറിനില്ക്കുന്നതാണ് വാഷിംഗ്ടണ്‍ ചെയ്യേണ്ടത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-റഷ്യ ബന്ധം ഊട്ടിയുറപ്പിച്ചു; ട്രംപിന് നോബല്‍ നല്‍കാമെന്ന് പരിഹസിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്
