ജയ്പൂര്‍: ബിജെപി മുന്‍ എംഎല്‍എ ഗ്രാമീണരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചു. മുന്‍ ബിജെപി എംഎല്‍എ അതാര്‍ സിങ് ബദാനയാണ് മരിച്ചത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് സംഭവം. കരിങ്കല്‍ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അക്രമം.
ഭോണ്ട ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ കരിങ്കല്‍ ക്വാറി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അതാര്‍ സിങ് ബദാനയും സഹായി ഗഗന്‍ ശര്‍മ്മയും. പുൽമേടുകൾ കയ്യേറി അതർ സിംഗ് ഭദാന അനധികൃത ഖനനം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ക്രഷർ യൂണിറ്റ് വീണ്ടും തുറക്കാനുള്ള നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്തെത്തിയ അതാര്‍ സിങും ഗ്രാമീണരുമായി തര്‍ക്കമുണ്ടായി. സംഘര്‍ഷത്തിനിടെ നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ച് ബദാനയെയും ഗഗനെയും ആക്രമിക്കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നീരജ് ഭരദ്വാജ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെയറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബദാനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സഹായി ഗഗന്‍ ശര്‍മ്മ ഭരത്പൂരില്‍ ചികിത്സയിലാണ്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഹരിയാന സ്വദേശിയായ ഭദാന 2003 മുതൽ 2008 വരെ രാജസ്ഥാനിലെ ബയാന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു.
ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
