എന്‍ജിന്‍ ഓയില്‍ ക്രമാതീതമായി കുറഞ്ഞു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി

എന്‍ജിന്‍ ഓയില്‍ ക്രമാതീതമായി കുറഞ്ഞു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി


കൊച്ചി: കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്‍ജിനിലെ ഓയിലിന്റെ അളവും മര്‍ദവും അപകടകരമായി കുറഞ്ഞതിനെ തുടര്‍ന്ന്  തിരിച്ചിറക്കി. ബോയിങ് 737 വിമാനം ഐഎക്‌സ് 415 ആണ് പറന്നുയര്‍ന്നെങ്കിലും തിരിച്ച് സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

വിമാനം പുറപ്പെട്ട് ഏകദേശം 50 മിനിറ്റിന് ശേഷം 36,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ഒന്നാം എന്‍ജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞതായി പൈലറ്റും സഹപൈലറ്റും ശ്രദ്ധിച്ചതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

അസാധാരണമായ ഓയില്‍ സൂചന കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമം സ്വീകരിക്കുകയും ഓയിലിന്റെ അളവ് തുടര്‍ച്ചയായി കുറഞ്ഞതോടെ അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഒന്നാം എന്‍ജിനിലെ ഓയില്‍ മര്‍ദം അപകടനിലയിലേക്ക് എത്തിയതോടെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. പിന്നാലെ വിമാനം സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. 

അതേസമയം, സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഓഗസ്റ്റ് അവസാനവാരത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണെന്നും ഇത് പുതിയ സംഭവവികാസമല്ലെന്നും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അറിയിച്ചു.

വിമാനത്താവള ഓപ്പറേറ്ററായ സിയാലിന് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന സാങ്കേതിക, പ്രവര്‍ത്തന സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും സിയാല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.